ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 49 (ഫൈനൽ) : ഓസ്‌ട്രേലിയ vs ന്യൂസിലണ്ട്

സ്വന്തം മണ്ണിൽ ചരിത്രം സൃഷ്ടിച്ച് ഓസീസ്… മെൽബണിൽ എംസിജിയിൽ ആകാശത്ത് നക്ഷത്രങ്ങൾ പാൽപ്പുഞ്ചിരിയിട്ട് പൂത്തിറങ്ങിയ രാവിൽ ലോകകപ്പ് ചരിത്രത്തിൽ അഞ്ചാമതും കിരീടം ചൂടി ക്രിക്കറ്റിലെ മഞ്ഞപ്പട… ലോകക്രിക്കറ്റിലെ തമ്പുരാക്കൻമാർ തങ്ങൾ തന്നെയെന്ന് ഒരിയ്ക്കൽക്കൂടി തെളിയിച്ച് കംഗാരുക്കൾ… കിരീടസ്വപ്നം സാക്ഷാത്ക്കരിച്ച് വിടവാങ്ങിയ നായകൻ മൈക്കൽ ക്ളാർക്ക്… കളിച്ച കളികളെല്ലാം വിജയിച്ച് ഫൈനലിൽ വന്നിട്ടും ഒടുവിൽ ലോകകപ്പെന്ന താൻ കണ്ട മഹത്തായ സ്വപ്നം പേക്കിനാവായി മാറുന്നത് കണ്ട കീവീസ് നായകൻ ബ്രണ്ടൻ മക്കല്ലം… ഫൈനലിൽ കലമുടച്ച് കീവീസ്… ക്രിക്കറ്റ് കളിയ്ക്കപ്പെടുന്ന അഞ്ച് ഭൂഖണ്ഡങ്ങളിൽ ലോകകിരീടം നേടുന്ന ആദ്യ ടീമെന്ന ബഹുമതിക്കർഹരായി ഓസീസ്… തങ്ങൾ നേടിയ കിരീടം തങ്ങളുടെ പ്രിയതോഴൻ ഫിലിപ്പ് ഹ്യൂസിന് സമർപ്പിച്ച് ഓസീസ് ടീം… ക്ളാർക്ക് ലോകകപ്പ് ഏറ്റുവാങ്ങുമ്പോൾ വേദിയിൽ ദീപ്തസാന്നിദ്ധ്യമായി സച്ചിൻ…

2015 ലെ ക്രിക്കറ്റ് ലോകകപ്പ് കിരീടം ഓസീസിന്. എംസിജിയിൽ ഇന്ന് നടന്ന ഫൈനലിൽ അവർ ന്യൂസിലണ്ടിനെ ഏഴ് വിക്കറ്റിനു തകർത്ത് ചാമ്പ്യൻ പട്ടം കരസ്ഥമാക്കി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കീവീസ് 45 ഓവറിൽ 183 റണ്‍സിന് ഓൾ ഔട്ടായപ്പോൾ ഓസീസ് 33.1 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ലക്‌ഷ്യം കണ്ടു.

കീവീസിന്റെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. ഇതുവരെ കളിച്ച കളികളിലെല്ലാം അവർക്ക് അതിവേഗം മികച്ച തുടക്കം സമ്മാനിച്ചിരുന്ന ക്യാപ്റ്റൻ മക്കല്ലം സ്റ്റാർക്ക് എറിഞ്ഞ ഇന്നിങ്ങ്സിന്റെ ആദ്യ ഓവറിലെ അഞ്ചാം പന്തിൽ (താൻ നേരിട്ട മൂന്നാം പന്തിൽ) ക്ളീൻ ബൌൾഡ് ആയി സംപൂജ്യനായി മടങ്ങി. തന്റെ അമിതാവേശം തന്നെ മക്കല്ലത്തിന് വിനയായി. വരാൻ പോകുന്ന കൂട്ടത്തകർച്ചയും മത്സരത്തിന്റെ ഫലവും ആ പുറത്താകലിൽ ഉണ്ടായിരുന്നു. ഇതോടെ ഒരു ലോകകപ്പ് ഫൈനലിൽ പൂജ്യനാകുന്ന ആദ്യ ക്യാപ്റ്റനായി മക്കല്ലം.

ഗുപ്ടിലും(15) വില്ല്യംസനും(12) ചേർന്ന് രണ്ടാം വിക്കറ്റിൽ 32 റണ്‍സ് ചേർത്തു. 33 ൽ ഗുപ്ടിലും 39 ൽ വില്ല്യംസനും വീണു. ആദ്യ 10 ഓവറിൽ കീവീസ് നേടിയത് വെറും 31 റണ്‍സ്. കിറുകൃത്യമായി പന്തെറിഞ്ഞ ഓസീസ് ബൌളർമാർ കീവീസ് ബാറ്റ്സ്മാൻമാർക്ക് ഒരു സ്വാതന്ത്ര്യവും നൽകിയില്ല.

ഒരു ഘട്ടത്തിൽ 100 ന് താഴെ ഓൾ ഔട്ടാകുമെന്നു കരുതിയ കീവീസിനെ 150 കടത്തിയത് നാലാം വിക്കറ്റിൽ എലിയട്ടും(83) റോസ് ടെയ്ലറും(40) ചേർന്ന് 22.5 ഓവറിൽ നേടിയ 111 റണ്‍സായിരുന്നു. ആ സമയത്ത് കീവീസ് ഒരു 230 നോടടുത്ത് സ്കോർ ചെയ്യുമെന്നാണ് എല്ലാവരും കരുതിയത്.

പക്ഷേ കാര്യങ്ങൾ തകിടം മറിഞ്ഞത് രണ്ടാം പവർപ്ളേയിലാണ്. 36-ആം ഓവറിലെ ആദ്യപന്തിൽ ടെയ്ലറെ ഫോക്നറുടെ പന്തിൽ ഹാഡിൻ വിക്കറ്റിനു പിന്നിൽ ഉജ്ജ്വലമായി ക്യാച്ച് ചെയ്തു. മൂന്നാം പന്തിൽ ആൻഡേഴ്സണ്‍(0) ക്ളീൻ ബൌൾഡ്. 37-ആം ഓവർ എറിഞ്ഞത് സ്റ്റാർക്ക്. രണ്ടാം പന്തിൽ റോഞ്ചി(0) ക്ളാർക്കിന് ക്യാച്ച് നല്കി മടങ്ങിയപ്പോൾ സ്കോർ 6 / 151. ബാറ്റിങ്ങ് പവർപ്ളേയിൽ വന്നത് വെറും 15 റണ്‍സ്.

41-ആം ഓവറിലെ അവസാന പന്തിൽ വെട്ടോറിയെ(9) ജോണ്‍സണ്‍ യോർക്ക് ചെയ്തു. 171 ൽ വെച്ച് ഫോക്നരുടെ പന്തിൽ ഹാഡിനു പിടി കൊടുത്ത് എലിയട്ടും മടങ്ങി. ഹെൻറിയെ(0) ജോണ്‍സൻ വീഴ്ത്തിയപ്പോൾ സൌത്തി(11) റണ്ണൌട്ടായി. ബോൾട്ട് റണ്ണൊന്നുമെടുക്കാതെ പുറത്താകാതെ നിന്നു. 45 ഓവറിൽ 183 റണ്‍സിന് കീവീസ് അവസാനിച്ചു.

ജോണ്‍സണും ഫോക്നറും 3 വിക്കറ്റ് വീതം വീഴ്ത്തി. സ്റ്റാർക്ക് രണ്ടും മാക്സ് വെൽ ഒന്നും വീതം വിക്കറ്റുകൾ നേടി.

1983 ലെ ലോകകപ്പ് ഫൈനലിൽ 183 നു പുറത്തായ ഇന്ത്യ വിൻഡീസിനെ 140 നു പുറത്താക്കി ലോകകപ്പ് നേടി ചരിത്രം സൃഷ്ടിച്ച പോലെ കീവീസിനും അത് കഴിയുമോ എന്നായി എല്ലാവരുടേയും ചിന്ത. പ്രത്യേകിച്ചും ഓസീസ് ബാറ്റിങ്ങ് തുടങ്ങിയപ്പോൾ അവരുടെ അപകടകാരിയായ ഓപ്പണർ ഫിഞ്ച് ബോൾട്ടിന്റെ പന്തിൽ പൂജ്യനായി പുറത്തായപ്പോൾ. അപ്പോൾ ഓസീസ് 1 / 2.

പക്ഷേ അമിതവിശ്വാസം തങ്ങളെ ചതിയ്ക്കാൻ ശക്തമായ ബാറ്റിങ്ങ് ലൈനപ്പ് ഉള്ള ഓസീസ് സമ്മതിച്ചില്ല. അനാവശ്യ റിസ്കി ഷോട്ടുകൾ കളിയ്ക്കാതെ തന്നെ അവർ അതിവേഗം മുന്നേറി. രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ വന്നത് 61 റണ്‍സ്. സ്കോർ 63ൽ വെച്ച് അവർക്ക് വാർണറെ(45) നഷ്ടമായി. ഹെൻറിയുടെ പന്തിൽ എലിയട്ടിന് ക്യാച്ച്.

തന്റെ അവസാന ഏകദിനം കളിയ്ക്കുന്ന ക്ളാർക്കിന്റേയും ഓസീസിന്റെ വരുംകാല ക്യാപ്ടൻ സ്മിത്തിന്റെയും നിമിഷങ്ങളായിരുന്നു പിന്നീട്. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 18.5 ഓവറിൽ നേടിയ 112 റണ്‍സ് ഓസീസിന്റെ വിജയത്തിന് അടിത്തറയായിത്തീർന്നു. സെമിയിലെ ഫോം സ്മിത്ത് ആവർത്തിച്ചപ്പോൾ ചേതോഹരമായ ഒരു സ്ട്രോക്ക് പ്ളേയാണ് തന്റെ അവസാന ഇന്നിങ്സിൽ ക്ളാർക്ക് കാഴ്ച വെച്ചത്. 72 പന്തിൽ 10 ഫോറും ഒരു സിക്സുമടിച്ച ക്ളാർക്ക് സൌത്തിയെറിഞ്ഞ 31-ആം ഓവറിലെ ആദ്യ നാല് പന്തുകളും തുടർച്ചയായി ബൌണ്ടറി കടത്തി. ഒടുവിൽ 31.1 ഓവറിൽ ഹെൻറിയുടെ പന്തിൽ ബൗൽഡായി ഓസീസ് ക്യാപ്റ്റൻ മടങ്ങുമ്പോൾ ഓസ്ട്രേലിയ വിജയത്തിന് വെറും 9 റണ്‍ അകലെ മാത്രമായിരുന്നു.

സ്മിത്താകട്ടെ നങ്കൂരമിട്ടു കളിയ്ക്കുകയാണുണ്ടായത് . 71 പന്തിൽ വെറും 3 ഫോർ മാത്രമടിച്ചു 56 റണ്‍സാണ് സ്മിത്ത് നേടിയത്. വാട്ട്സനുമൊത്ത് (2*) പുറത്താകാതെ നിന്ന സ്മിത്ത് 34-ആം ഓവറിലെ ആദ്യ പന്ത് ബൌണ്ടറി കടത്തിയപ്പോൾ വിജയവും ലോകകപ്പും നേടി ഓസീസ് ചരിത്രം രചിച്ചു.

കീവീസിന് വേണ്ടി ഹെൻറി 2 വിക്കറ്റും ബോൾട്ട് ഒരു വിക്കറ്റും വീഴ്ത്തി.

MOM : ജെയിംസ് ഫോക്നർ

കീവീസിന്റെ മാർട്ടിൻ ഗുപ്ടിൽ 547 റണ്‍സ് നേടി ഈ ലോകകപ്പിലെ ടോപ്‌ സ്കോററായി. 22 വിക്കറ്റ് വീതം നേടിയ ഓസീസിന്റെ മിച്ചൽ സ്റ്റാർക്കും കീവീസിന്റെ ട്രെൻഡ് ബോൾട്ടും ഈ ലോകകപ്പിൽ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയവരായി.

93000ൽ അധികം വരുന്ന കാണികളെ സാക്ഷികളാക്കി ഓസീസ് ക്യാപ്ടൻ മൈക്കൽ ക്ളാർക്ക് ലോകപ്പ് ഏറ്റുവാങ്ങി. അകാലത്തിൽ പൊലിഞ്ഞ തങ്ങളുടെ പ്രിയകൂട്ടുകാരൻ ഫിലിപ്പ് ഹ്യൂസിന്റെ സ്മരണയ്ക്ക് മുന്നിൽ ഓസീസ് ടീം അത് സമർപ്പിച്ചു. മാൻ ഓഫ് ദി മാച്ചായ ഫോക്നറും പ്ളെയർ ഓഫ് ദി ടൂർണമെന്റ് ആയ സ്റ്റാർക്കും തങ്ങളുടെ അവാർഡുകളേറ്റുവാങ്ങിയത് സച്ചിന്റെ കൈകളിൽ നിന്നായിരുന്നു.

ഒടുവിൽ വെടിക്കെട്ടിന്റെ വർണ്ണവസന്തത്തിൽ, ഗാലറിയിൽ അലയടിച്ച സംഗീതലഹരിയിൽ, നുരഞ്ഞു ചിതറിയ ഷാംപെയ്ൻ തുള്ളികളുടെ മൃദുസ്പർശത്തിൽ ഓസീസ് ടീമൊന്നാകെ എംസിജിയിൽ ലോകകപ്പും കയ്യിലേന്തി വിക്ടറി ലാപ്പ് നടത്തുമ്പോൾ അങ്ങ് മുകളിൽ മെൽബണിന്റെ ആകാശത്ത് പുതിയ കുറേ താരകങ്ങൾ ഉദിച്ചുയർന്നു. അവയ്ക്ക് നല്ല മഞ്ഞ നിറമായിരുന്നു…

അഭിനന്ദനങ്ങൾ ഓസ്ട്രേലിയ… അഭിനന്ദനങ്ങൾ…

വാൽക്കഷണം : ഈ ലോകകപ്പ് ഫൈനലിൽ തങ്ങൾക്കു പിന്തുണയാവശ്യപ്പെട്ട് കീവീസ് ക്യാപ്ടൻ മക്കല്ലം ഇന്ത്യൻ ആരാധകർക്ക് ഒരു കത്തെഴുതി. ഓസീസ് സെമിയിൽ ഇന്ത്യയെ തോൽപ്പിച്ചതിനാൽ ഇന്ത്യക്കാർ ഫൈനലിൽ തങ്ങൾക്കുവേണ്ടി അവരുടെ 33 കോടി ദൈവങ്ങളോട് പ്രാർത്ഥിച്ചപേക്ഷിയ്ക്കുമെന്ന് ആ ശുദ്ധാത്മാവ് കരുതിക്കാണും. ഏതായാലും ഇന്ത്യക്കാർ നന്നായിത്തന്നെ അത് ചെയ്തു. ഒരു പക്ഷേ സെമിയിൽ തോറ്റവന്റെ പ്രാർത്ഥനയായതു കൊണ്ടാവാം 33 കോടി ദേവകളും കൂടി ഇന്ത്യയുടെ തോൽവിയുടെ പ്രേതത്തെ കീവീസിന് അയച്ചുകൊടുക്കുകയും ചെയ്തു.

പാവം മക്കല്ലം. ഇന്ത്യക്കാരെ നമ്പി. എന്നിട്ടോ? തന്റെ ടീം ഫൈനലിൽ പൊളിഞ്ഞു പാളീസായി. കപ്പും പോയി, മണ്ണും കപ്പി. താൻ തന്നെ നേരിട്ട മൂന്നാം പന്തിൽ പൂജ്യനുമായി. ഇന്ത്യക്കാരുടെ പ്രാർത്ഥനയായാൽ ഇങ്ങനെയിരിയ്ക്കും.

പിന്നെ, ഉലകകപ്പ് ഫൈനലിൽ മുട്ടക്കൂടോത്രം പൊടിപാറി. കലകലക്കി. ഗംഭീരമായി. നാല് കിവിക്കുഞ്ഞുങ്ങളും(കപ്പിത്താൻ കളിഭ്രാന്തൻ മക്കല്ലമടക്കം) ഒരു ഓസിക്കംഗാരുവും കൂടോത്രത്തിനിരയായി.

à´ˆ ഉലകകപ്പിൽ ആകമാനം 83 പേരാണത്രേ കൂടോത്രത്തിനിരയായത്. അതിൽത്തന്നെ 2 പേർ വൈരമുട്ടയിട്ടു. 26 പേർ പൊന്മുട്ടയിട്ടു. 19 പേർ വെള്ളിമുട്ടയിട്ടു. 10 പേരാണ് വെങ്കലമുട്ടയിട്ടത്. ഏതായാലും à´ˆ ലോകകപ്പോടെ പ്രസിദ്ധ ക്രിക്കറ്റ് ജ്യോത്സ്യനും കൂടോത്ര വിദഗ്ദ്ധനുമായ ശ്രീ കണ്ഠരര് വ്യാസരര് സഹസ്ര കോടീശ്വരനായെന്നാണ് ഇപ്പോൾ കേൾക്കുന്നത്. ഇപ്പോൾത്തന്നെ 2019 ൽ നടക്കുന്ന അടുത്ത ലോകകപ്പിലേയ്ക്കുള്ള കൂടോത്രറിസർവേഷൻ തുടങ്ങിക്കഴിഞ്ഞത്രേ!!!…