ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 39 : ഇന്ത്യ vs സിംബാബ്‌വേ

ഓക്ക്ലണ്ടിലെ ഈഡൻ പാർക്കിൽ തിങ്ങിനിറഞ്ഞ കാണികളെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിക്കൊണ്ട് വീണ്ടും ഒരു ത്രില്ലർ. കഴിഞ്ഞ ദിവസം ഹാമിൽട്ടണിൽ നടന്ന ന്യൂസിലണ്ട് – ബംഗ്ളാദേശ്‌ മത്സരത്തിന്റെ തനിയാവർത്തനം. പൊരുതിക്കളിച്ച ബംഗ്ലാദേശിനെ 3 വിക്കറ്റിനാണ് കീവീസ് തോൽപ്പിച്ചത്. അതും ഏഴ് പന്തുകൾ ബാക്കി നിൽക്കെ.

അതുപോലെ തന്നെ ഒരു ത്രില്ലർ ആയിരുന്നു ഇന്ത്യ – സിംബാബ്‌വേ മത്സരവും. ക്രിക്കറ്റിന്റെ എല്ലാ നാടകീയതയും കണ്ട à´ˆ മാച്ചിൽ ഇന്ത്യ സിംബാബ്‌വേയെ 6 വിക്കറ്റിനു തോല്പിച്ചു.

ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വേ 48.5 ഓവറിൽ 287 ന് ഓൾ ഔട്ട്‌. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 48.4 ഓവറിലാണ് 4 വിക്കറ്റ് നഷ്ടപ്പെടുത്തി ലക്‌ഷ്യം കണ്ടത്.

സിംബാബവേയ്ക്കുവേണ്ടി തന്റെ അവസാന മത്സരം കളിച്ച ബ്രണ്ടൻ ടെയ്ലർ സെഞ്ച്വറിയടിച്ച് (138 റണ്‍സ് – 110 പന്ത്. 15 ഫോർ, 5 സിക്സ്) അത് അവിസ്മരണീയമാക്കി. പക്ഷേ, അവസാന നിമിഷം ഉണർന്നു കളിച്ച ഇന്ത്യയ്ക്ക് മുന്നിൽ – ധോണിയുടേയും(85*) സെഞ്ച്വറി നേടിയ റെയ്നയുടേയും(110*) മുന്നിൽ അത് പാഴായിപ്പോകുന്നത് തകർന്ന ഹൃദയത്തോടെ കാണേണ്ടിയും വന്നു.

സിംബാബ്‌വേയുടെ 287 നെ പിന്തുടർന്ന ഒരു ഘട്ടത്തിൽ 22.4 ഓവറിൽ 4 / 92 എന്ന നിലയിൽ പതറിയ ഇന്ത്യയെ ഒരു സിംബാബ്‌വേ അട്ടിമറിയിൽ നിന്നും രക്ഷപ്പെടുത്തി ഒടുവിൽ 48.4 ഓവറിൽ വിജയതീരമണച്ചത് അഞ്ചാം വിക്കറ്റിൽ ഇവർ പിരിയാതെ നേടിയ 196 റണ്‍സാണ്.

കഴിഞ്ഞ ദിവസം ന്യൂസിലണ്ടിനു പറ്റിയ പോലെ ഇന്ത്യയ്ക്കും തങ്ങളുടെ എതിരാളികളെ താഴ്ന്നവരായിക്കണ്ടതിന് വലിയ വില കൊടുക്കേണ്ടി വന്നു.

ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വേ 11 ഓവറിൽ 3 / 33 എന്ന പരിതാപകരമായ നിലയിലായിരുന്നു. 15 ഓവറിൽ കഴിഞ്ഞപ്പോൾ അവർ 3 വിക്കറ്റിനു 43. റണ്‍ റേറ്റ് 2.86. ചിബാബ 7, മസകഡ്സ 2, മിറെ 9 എന്നിവർ പുറത്തായിരുന്നു. തന്റെ അവസാന മാച്ച് കളിക്കുന്ന ടെയ്ലറുടേതായി പിന്നുള്ള നിമിഷങ്ങൾ. ടെയ്ലറും വില്ല്യംസും (50) ചേർന്ന് നാലാം വിക്കറ്റിൽ നേടിയത് 93 റണ്‍സ്. വില്യംസ് പോയപ്പോൾ പകരം വന്ന ഇർവിനുമൊത്ത് (27) ടെയ്ലർ തകർത്താടി. അഞ്ചാം വിക്കറ്റിൽ 109 റണ്‍സ്. അതും 13.2 ഓവറിൽ. ഇന്ത്യൻ സ്പിന്നർമാരായ അശ്വിനേയും ജഡേജയേയും ടെയ്ലർ കണക്കിന് പ്രഹരിച്ചു.

സ്കോർ 235 ൽ ടെയ്ലർ(138) വീണു. 241 ൽ ഇർവിനും. പിന്നെ വന്ന റാസയുടെ (28 – 15 പന്തിൽ) വെടിക്കെട്ട് സിംബാബ്‌വേയെ 275 കടത്തി. സിംബാബ്‌വേ 300 കടക്കുമെന്ന് തോന്നിയെങ്കിലും ചക്കബ്വായും (10), പന്ന്യൻഗാരയും(6), ചത്താരയും(0) പെട്ടെന്ന് പുറത്തായപ്പോൾ സിംബാബ്‌വേ 48.5 ഓവറിൽ 287 ന് ഓൾ ഔട്ട്‌. മുപ്പാരിവ ഒരു റണ്‍ നേടി പുറത്താകാതെ നിന്നു.

ബൌൾ ചെയ്തപ്പോൾ വെറും 9 എക്സ്ട്രാസ് മാത്രമേ ഇന്ത്യ കൊടുത്തുള്ളൂ. അത് ഇന്ത്യക്ക് ഗുണമായി. ഇന്ത്യക്ക് വേണ്ടി ഷാമിയും യാദവും മോഹിതും 3 വിക്കറ്റ് വീതം വീഴ്ത്തി. ഒരെണ്ണം അശ്വിനും. പക്ഷേ ജഡേജയും അശ്വിനും 10 ഓവറിൽ 70 ൽ അധികം റണ്‍ നല്കി.

തങ്ങൾ ശുംഭന്മാരെന്നു കരുതിയ സിംബന്മാരുടെ കൈയ്യിൽ നിന്നും ഇങ്ങനെ ഒരടി കിട്ടിയത് ഇന്ത്യന്മാരെ വല്ലാതെ ഒന്നുലച്ചു കാണണം. കൂടാതെ അവസാന മാച്ചിലെ അട്ടിമറിയും ഇതാ മുന്നിൽ.(പണ്ടേ ഇന്ത്യയോടുള്ള സിംബന്മാരുടെ അട്ടിമറി ശ്രമങ്ങൾ നമുക്ക് പരിചിതമാണല്ലോ). എന്തായാലും ഇന്ത്യന്മാർ ഒന്ന് വിരണ്ടെന്നു തീർച്ച.

ഈ സമ്മർദ്ദങ്ങൾക്കടിയിൽ ഇന്ത്യൻ ബാറ്റിങ്ങ് ഇഴഞ്ഞു നീങ്ങി. സ്കോർ 21ൽ വെച്ച് ശർമ്മയും (16), ധവാനും(4) പുറത്ത്. പിന്നെ കൊഹ്ലിയും രഹാനെയും ചേർന്ന് 50 റണ്‍സ് ചേർത്തു. രഹാനെ(19) വീണു 71 ൽ. കൊഹ്ലി (38) 92 ലും. ഇതോടെ ഇന്ത്യ 22.4 ഓവറിൽ 4 വിക്കറ്റിനു 92. ഇനി ജയിയ്ക്കാൻ വേണ്ടത് 28.2 ഓവറിൽ 196 റണ്‍സ്. റിക്വയേർഡ് റണ്‍ റേറ്റ് 6.91. 6 വിക്കറ്റ് ബാക്കി. ഇനി ഉടൻ ഒരു വിക്കറ്റ് കൂടി പോയാൽ കളി തീർന്നു. എല്ലാവരും പ്രതീക്ഷിച്ചത് ഒരു സിംബൻ അട്ടിമറി.

പക്ഷേ à´† ആശങ്കകളെ അസ്ഥാനത്താക്കി ക്യാപ്ടൻ കൂൾ ധോണിയും (85* – 76 പന്ത്. 8 ഫോർ, 2 സിക്സ്) ലോകകപ്പിലെ തന്റെ ആദ്യ ശതകം കുറിച്ച റേയ്നയും (110* – 104 പന്ത്. 9 ഫോർ, 4 സിക്സ്) മികച്ചൊരു കൂട്ടുകെട്ട് പടുത്തുയർത്തി (അഞ്ചാം വിക്കറ്റിൽ പിരിയാതെ 196 റണ്‍സ്) കളിയുടെ വിധിയും ഗതിയും മാറ്റിയെഴുതുന്നതാണ് പിന്നീട് കണ്ടത്.

ഇന്ത്യ 25.1 ഓവറിൽ 100-ഉം 33.2 ഓവറിൽ 150-ഉം കടന്നു. ബാറ്റിങ്ങ് പവർ പ്ളേയിൽ വന്നത് 39 റണ്‍സ് മാത്രം. 40.1 ഓവറിൽ ഇന്ത്യ 200. മത്സരം ജയിയ്ക്കാൻ 6 വിക്കറ്റ് കയ്യിലിരിക്കെ ഇനിയും വേണ്ടത് 88 റണ്‍സ്. 53 പന്തിൽ നിന്നും.

പിന്നെ നാം കണ്ടത് കൂളായി കളിച്ച റെയ്നയുടേയും ധോണിയുടേയും ഹോട്ടായ സംഹാരതാണ്ഡവം. പിന്നെ 5 ഓവറിൽ വന്നത് 50 റണ്‍സ്. 45.1 ഓവറിൽ ഇന്ത്യ 250. അത്രയും നേരം മിന്നിത്തിളങ്ങിയ സിംബന്മാർ പൊടുന്നനെ ചിത്രത്തിൽ നിന്ന് മാഞ്ഞുപോയി. 46-ആം ഓവറിൽ 7 റണ്‍സ്. 47-ആം ഓവറിൽ ധോണി പൊട്ടിത്തെറിച്ചപ്പോൾ വന്നത് 15 റണ്‍സ്; ഇന്ത്യ വിജയം മണത്തു. 48-ആം ഓവറിൽ വന്നത് 8 റണ്‍സ്.

49-ആം ഓവർ. ആദ്യ പന്തിൽ നോ റണ്‍. രണ്ടാം പന്തിൽ റെയ്ന ഒരു റണ്‍. മൂന്നാം പന്തിൽ ധോണിയുടെ വക 2 റണ്‍സ്. നാലാം പന്തിൽ അത് സംഭവിച്ചു; പന്ന്യൻഗാരയെ ഡീപ്പ് ബാക്ക് വേർഡ്‌ സ്ക്വയറിനു മുകളിലൂടെ ഒരുഗ്രൻ പുൾ ഷോട്ടിലൂടെ സിക്സർ പറത്തി ധോണി കളി ഇന്ത്യയുടെ പോക്കറ്റിലാക്കി. ലോകകപ്പിൽ ഇന്ത്യ പിന്തുടർന്ന് ജയിയ്ക്കുന്ന ഏറ്റവുമുയർന്ന സ്കോറാണിത്.

ലോകകപ്പിൽ ധോണിയുടെ ക്യാപ്ടൻസിയിൽ ഇന്ത്യയുടെ തുടർച്ചയായ പത്താം ജയം. ഈ ലോകകപ്പിൽ ഇന്ത്യയുടെ ആറാം ജയം. ഇതോടെ ഈ ലോകകപ്പിൽ കീവീസിനോപ്പം അപരാജിതരായി ഇന്ത്യയും.

ഒരട്ടിമറിയുടെ വക്കിൽ നിന്നും രക്ഷപ്പെട്ട ഇന്ത്യ ഇന്ന് കടപ്പെട്ടിരിക്കുന്നത് ധോണിയോടും റെയ്നയോടും തന്നെയാണ്. അല്ലെങ്കിൽ എതിരാളികളെ ഒരിക്കലും വിലകുറച്ച് കാണരുതെന്ന പാഠം മറന്നതിന് വൻ വില കൊടുത്തേനെ. ഒരുപാട് കൈകൾ ഇന്ത്യക്കാരുടെ തലവെട്ടാൻ ഉയർന്നേനെ.

അതിനാൽ ക്വാർട്ടറിൽ നാം ബംഗ്ലാദേശിനോട് ഒന്നുകൂടി ജാഗ്രത പുലർത്തിയേ പറ്റൂ. അല്ലെങ്കിൽ നാം അലസരായാൽ കഥ മാറും.

MOM സുരേഷ് റെയ്ന

വാൽക്കഷണം : പാവം സിംബന്മാർ. ആദ്യം കുറച്ച് വിക്കറ്റ് പോയി, പിന്നെ ടെയ്ലരുടെ ബലത്തിൽ 287 അടിച്ചു. പിന്നെ ഇന്ത്യൻ വിക്കറ്റുകൾ തുരുതുരെ പോയപ്പോൾ ഒരു ജയം സ്വപ്നം കണ്ടു. ധോണിയും റേയ്നയും അതും കൊണ്ട് പോയി.

പണ്ടും സിംബന്മാർ ഇതുപോലെ ഒന്ന് ശ്രമിച്ചിട്ടുണ്ട്; അന്ന് അവരുടെ സ്വപ്നം തകർത്തത് കപിലായിരുന്നു. ആ കപിലിന്റെ പ്രേതം ഇന്ന് രെയ്നയിലും ധോണിയിലും ആവേശിച്ചിട്ടുണ്ടത്രേ. അതാത്രേയ് ഇന്ന് സിംബന്മാർ തോല്ക്കാൻ കാരണം.