ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 22 : ശ്രീലങ്ക vs ഇംഗ്ളണ്ട്

സിംഹള വീര്യത്തിനു മുന്നിൽ ഇംഗ്ളീഷ് പട ആയുധം വെച്ച് കീഴടങ്ങി. വെല്ലിംഗ് ടണിലെ വെസ്റ്റ് പാക്ക് സ്റ്റേഡിയത്തിൽ 3 ഉജ്ജ്വല സെഞ്ച്വറികൾ പിറന്ന മാച്ചിൽ ശ്രീലങ്ക ഇംഗ്ളണ്ടിനെ തകർത്തു.

ആദ്യം ബാറ്റ് ചെയ്ത ജോ റൂട്ടിന്റെ സെഞ്ച്വറിയുടെ മികവിൽ 50 ഓവറിൽ 6 ന് 309 റണ്‍സ് എടുത്തു. അലി 15, ബെൽ 49, ബാലൻസ് 6, മോർഗൻ 27, ടെയ്ലർ 25, ബട്ലർ 39* (19 പന്ത്), വോക്സ് 9* ഇവരാണ് മറ്റ് സ്കോറർമാർ. 65 പന്തിൽ അർദ്ധശതകം തികച്ച റൂട്ട് പിന്നെ ആഞ്ഞടിച്ചു. പുറത്താകുമ്പോൾ 108 പന്തിൽ 14 ഫോറും 2 സിക്സും അടക്കം 121 റണ്‍സ് അടിച്ചിരുന്നു റൂട്ട്. ലോകകപ്പിൽ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ ഇംഗ്ളീഷുകാരനായി റൂട്ട്. അവസാന 7 ഓവറിൽ ഇംഗ്ളണ്ട് നേടിയത് 90 റണ്‍സ്.

 

ശ്രീലങ്കയ്ക്കുവേണ്ടി മലിംഗ, ലക്മാൽ, ഹെരത്, ദിൽഷൻ (ദിൽഷന്റെ ഏകദിനത്തിലെ നൂറാം വിക്കറ്റ് ), പെരേര, മാത്യൂസ്‌ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

തുടർന്ന് ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക വിജയം ലക്‌ഷ്യം വെച്ച് തന്നെയാണ് കളിച്ചത്. വളരെ വില കൂടിയ ക്യാച്ചുകൾ വിട്ടു കളഞ്ഞതോർത്ത് ഇംഗ്ളീഷ് ഫീൽഡർമാർ കരഞ്ഞിട്ടുണ്ടാവണം. ലങ്ക 8.5 ഓവറിൽ 50. 18.4 ഓവറിൽ 100. 44 റണ്‍സെടുത്ത് ദിൽഷൻ പുറത്താകുമ്പോൾ ലങ്ക 1 / 100 (ആ വിക്കറ്റ് ഇംഗ്ളീഷ് ബൌളർമാർക്ക് കിട്ടിയ അവസാന വിക്കറ്റായിരുന്നു.).

പിന്നെ വന്നത് ദി ഗ്രേറ്റ്‌ സംഗക്കാര. ഒരു ഘട്ടത്തിലും തിരിമന്നെയും സംഗക്കാരയും റണ്‍ റേറ്റ് 5.5 ൽ താഴാൻ സമ്മതിച്ചില്ല. പിന്നെ സ്കോറിംഗ് ടോപ്‌ ഗിയറിലായതോടെ ഇംഗ്ളണ്ട് കളി വിട്ടു. തിരിമന്നെ 117 പന്തിലും സംഗ 70 പന്തിലും സെഞ്ച്വറി നേടി. സംഗയുടേത് ഈ ലോകകപ്പിലെ തുടർച്ചയായ രണ്ടാം സെഞ്ച്വറിയാണ്. 212 റണ്‍സ് നേടിയ ഈ കൂട്ടുകെട്ടിന്റെ ബലത്തിൽ 47.2 ഓവറിൽ ലങ്ക കളി പോക്കറ്റിലാക്കി. തിരിമന്നെ 139 ഉം സംഗ 117 ഉം റണ്‍സോടെ പുറത്താകാതെ നിന്നു. വോക്സിനെ കൂറ്റൻ സിക്സടിച്ചാണ് തിരിമന്നെ കളി ജയിപ്പിച്ചത്.

ഇംഗ്ളീഷ് ബൌളർമാരിൽ 10 ഓവറിൽ 50 റണ്‍സ് വഴങ്ങി 1 വിക്കറ്റ് എടുത്ത (ദിൽഷന്റെ) മൊയീൻ അലി മാത്രം സാമാന്യം നന്നായി. ബാകിയെല്ലാ ബൗളർമാരേയും ലങ്കൻ സിംഹങ്ങൾ കടിച്ചു കീറി തിന്നുകളഞ്ഞു.

കളിച്ച നാലിൽ മൂന്നും തോറ്റ ഇംഗ്ളണ്ട് ഫലത്തിൽ ക്വാർട്ടർ കാണാതെ പുറത്തായ മട്ടാണ്. ഇനി അത്ഭുതങ്ങൾ സംഭവിക്കണം അങ്ങനെ സംഭവിക്കാതിരിയ്ക്കാൻ. ആദ്യ കളി തോറ്റ ശ്രീലങ്ക പിന്നീട് നേടുന്ന തുടർച്ചയായ മൂന്നാം ജയമാണിത്. ക്വാർട്ടർ ഉറപ്പിക്കുകയും ചെയ്തു.

MOM : കുമാർ സംഗക്കാര

വാല്ക്കഷണം: ക്രിക്കറ്റിന്റെ ഈറ്റില്ലമായ ഇംഗ്ളണ്ടിനു ലോകകപ്പ് വീണ്ടും മരീചികയാകുന്നു. 1979,1987,1992 എന്നീ വർഷങ്ങളിൽ ഫൈനലിൽ പൊട്ടി. 1975, 1983 എന്നീ വർഷങ്ങളിൽ സെമിയിലും. 1996 ൽ ക്വാർട്ടറിൽ. 1999 ൽ സൂപ്പർ സിക്സിൽ വീണു. 2003 ൽ പ്രാഥമിക റൗണ്ടിൽത്തന്നെ തകർന്നു. 2007 ൽ സൂപ്പർ ഏയ്റ്റിൽ കാലിടറി. 2011 ൽ വീണ്ടും ക്വാർട്ടറിൽ വീണു.

à´ˆ ലോകകപ്പിലാകട്ടെ ഗ്രൂപ്പിലെ മറ്റു ടീമുകളുടെ കളികളെക്കൂടി ആശ്രയിച്ചാണ് പാവങ്ങൾ ഇപ്പോൾ നില്ക്കുന്നത്. ഏതായാലും മോർഗനും കൂട്ടർക്കും ഇനി ഉറക്കമില്ലാത്ത രാത്രികൾ…