ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 15 : വെസ്റ്റ് ഇൻഡീസ് vs സിംബാബ്‌വേ

ഏകദിനക്രിക്കറ്റിന്റേയും ലോകകപ്പിന്റേയും ചരിത്രത്തിലേയ്ക്കൊരു മാച്ച്. ക്രിസ്റ്റഫർ ഹെൻറി ഗെയിലിന്റെ ഐതിഹാസികമായ ഒരു ഇന്നിങ്ങ്സ്‌. സാമുവൽസിന്റേയും ഗെയിലിന്റേയും അനുപമമായ ഒരു പാർട്ണർഷിപ്പ് .

ഇന്ന് ഓസ്ട്രേലിയയിലെ കാൻബറയിൽ മനുക ഓവലിൽ നേരിട്ട് കളി കണ്ടവരും ലോകം മുഴുവൻ ടെലിവിഷനിലൂടെ കളി കണ്ടവരും (à´ˆ ഞാനും) ധന്യർ…ഭാഗ്യവാന്മാർ…അനുഗ്രഹീതർ…അത്രയും ഉജ്ജ്വലമുഹൂർത്തങ്ങൾക്ക് അവർ സാക്ഷ്യം വഹിച്ചു.

കാൻബറയിൽ മനുക ഓവലിൽ താഴേക്കിറങ്ങി വന്ന മഴമേഘങ്ങളേയും ഉതിർന്നു വീണ മഴത്തുള്ളികളേയും ക്രിസ്റ്റഫർ ഹെൻറി ഗെയിൽ എന്ന പടിഞ്ഞാറൻ കൊടുങ്കാറ്റ് തന്റെ ഡബിൾ സെഞ്ച്വറി കൊണ്ട് അടിച്ചു പറത്തിക്കളഞ്ഞു. കഴിഞ്ഞ ഒന്നര വർഷം ഏകദിനത്തിൽ ഒരു നിഴൽ പോലെ ഇല്ലാതായിത്തുടങ്ങിയ ഈ ജമൈക്കൻ ബോംബ്‌ ഒടുവിൽ ഇന്ന് ഒരു തീക്കാറ്റായി അലറിയടിച്ചു പൊട്ടിത്തെറിച്ചു.

ചെമ്പൻ ജെഴ്സിയിട്ട സിംബാബ്‌വേ സിംബന്മാർക്കുമേൽ കരീബിയൻ കാലിപ്സോ-ഗന്നങ്ങൾ പ്രചണ്ഡമായ ബാറ്റിംഗിന്റെ വന്യതയാൽ ആടിയാടിപ്പാടിത്തകർത്തു…

ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 50 ഓവറിൽ 2 / 372. സ്മിത്ത് 0 (സംശയിക്കേണ്ട; പൊന്മുട്ട തന്നെ.). ഗെയ്ൽ 215. സാമുവൽസ് 133 നോട്ട് ഔട്ട്‌. എക്സ്ട്രാസ് 24…

സ്മിത്തിനൊപ്പം ഗെയ്ലും പൊന്മുട്ട ഇടുമായിരുന്നു. പക്ഷേ അമ്പയർമാരും ഹാക്ക് ഐയും രക്ഷപ്പെടുത്തിക്കളഞ്ഞു. പിന്നെ കണ്ടത് à´† പഴയ ഗെയ്ൽ പ്രതാപമായിരുന്നു. മെല്ലെത്തുടങ്ങിയ ഗെയ്ൽ പിന്നെ സംഹാരതാണ്ഡവം നടത്തി. 105 പന്തിൽ 5 വീതം ഛക്ക ഛൗക്കകൾ അടിച്ച് സെഞ്ച്വറി നേടിയ ഗെയ്ൽ അടുത്ത 100 നേടി ഡബിൾ സെഞ്ച്വറി തികച്ചത് വെറും 33 പന്തിൽ. അതായത് 138 പന്തിൽ നിന്നും 200 റണ്‍സ്. 11 ഛക്കകളും 4 ഛൗക്കകളും കൂടി ഇതിനിടെ അടിച്ചു. ഒടുവിൽ ഇന്നിങ്ങ്സിന്റെ അവസാന പന്തിൽ (ഗെയ്ൽ നേരിട്ട പന്ത് നമ്പർ 147) പുറത്താകുമ്പോൾ ഗെയ്ൽ 215 റണ്‍സ്. 16 സിക്സ് , 10 ഫോർ… മടങ്ങുമ്പോൾ ലോകകപ്പിലെ എക്കാലത്തേയും ഉയർന്ന സ്കോറും ആദ്യ ഡബിൾ സെഞ്ച്വറിയും തന്റെ പേരിൽ കുറിച്ചതിന്റെ ആഹ്ളാദം à´† മുഖത്ത് കാണാമായിരുന്നു. അടിച്ച സിക്സറിന്റെ എണ്ണത്തിൽ രോഹിത് ശർമ്മയ്ക്കും ഡിവില്ലിയേഴ്സിനും ഒപ്പം ഒന്നാമനായി.

കൂട്ടുകാരൻ സാമുവൽസും വിട്ടുകൊടുത്തില്ല. മിക്കപ്പോഴും ഗെയ്ലിനു സ്ട്രൈക്ക് കൈമാറി പുള്ളിയും ഒരു ലോകകപ്പ് സെഞ്ച്വറി തന്റെ പേരിൽ കുറിച്ചു. 156 പന്തിൽ 133 റണ്‍സ്. 11 ഫോർ 3 സിക്സ്…

രണ്ടാം വിക്കറ്റിൽ ഇരുവരും കുറിച്ചത് 372 റണ്‍സ്. ഏകദിന ക്രിക്കറ്റിലേയും ലോകകപ്പിലേയും എറ്റവും ഉയർന്ന പാർട്ണർഷിപ്പ്… കൂടാതെ ഏകദിനത്തിലും ലോകകപ്പിലും വിൻഡീസ് നേടുന്ന ഏറ്റവും ഉയർന്ന സ്കോറായി 2 / 372. അവസാന 10 ഓവറിൽ മാത്രം വന്നത് 154 റണ്‍സ്…

സിംബന്മാരിൽ 10 ഓവറിൽ 45 റണ്‍സ് മാത്രം വിട്ടു കൊടുത്ത സിക്കന്ദർ റാസയും 6.2 ഓവറിൽ 39 റണ്‍സ് വിട്ടു കൊടുത്ത് ഒരു വിക്കറ്റ് നേടിയ മസകഡ്സായും തമ്മിൽ ഭേദം. ഒരു വിക്കറ്റ് കിട്ടിയത് പന്നിയന്ഗാരയ്ക്കാണ് . പക്ഷേ അങ്ങോർ 9 ഓവറിൽ 82 വിട്ടു കൊടുത്തു. ബാക്കിയെല്ലാരേയും വിൻഡീസ് കൊടുങ്കാറ്റ് അടിച്ചു പരത്തി പറത്തിക്കളഞ്ഞു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വേ തിരിച്ചും നല്ല ചുട്ട à´…à´Ÿà´¿ തന്നെ നല്കി. ചക്കബ്വായും(2) മസകഡ്സായും(5) ദേ വന്നു ദാ പോയെങ്കിലും റാസയും(26) ടെയ്ലറും(37) തരക്കേടില്ലാതെ ബാറ്റ് ചെയ്തു. പിന്നെ വില്ല്യംസിന്റേയും(76 – 61 പന്തിൽ നിന്നും) എർവിന്റേയും(52 – 41 പന്തിൽ നിന്നും) വക പൂര വെടിക്കെട്ട്. പിന്നെ വന്ന മാറ്റിസ്കന്യേരി(19), ചിഗുമ്പുര(21), ചടാര(16) എന്നിവർ ഒന്നാഞ്ഞു വീശി. പന്നിയന്ഗാര 4 നു പോയി. കമുന്ഗോസി 6 റണ്‍സുമായി പുറത്താകാതെ നിന്നു. വിൻഡീസിന്റെ വക 25 എക്സ്ട്രാസ് ഫ്രീ. സിംബന്മാർ 44.3 ഓവറിൽ 289 ന് എല്ലാവരും പൊളിഞ്ഞു.

മഴ കാരണം സിംബന്മാരുടെ ലക്‌ഷ്യം 48 ഓവറിൽ 363 ആയി നിജപ്പെടുത്തിയിരുന്നു. അതിനാൽ വിൻഡീസിനു D / L നിയമപ്രകാരം 73 റണ്‍സ് ജയം.

വിൻഡ്യന്മാർക്കു വേണ്ടി ടെയ്ലറും ഹോൾഡറും 3 ചെമ്പന്മാരെ വീതം വീഴ്ത്തി. അടിവീരൻ ഗെയ്ൽ പിന്നെ ഏറുവീരനായി 2 ചെമ്പന്മാരെ വീഴ്ത്തി. മില്ലറും സാമുവൽസും ഓരോരുത്തരേയും വീഴ്ത്തി. പക്ഷേ തങ്ങളുടെ എല്ലാവരും വീണെങ്കിലും ചെമ്പന്മാർ വിൻഡ്യന്മാരുടെ ഹോൾഡറേയും സാമുവൽസിനേയും മില്ലറേയും റസ്സലിനേയും ശരിയ്ക്കും പെരുമാറി. അങ്ങനെ ചെമ്പന്മാരും വിൻഡ്യന്മാരും തമ്മിൽ നടന്ന കളി ശരിയ്ക്കും പൊടി പാറി.

MOM : ക്രിസ് ഗെയ്ൽ

വാൽക്കഷണം: ഇന്ന് കളിച്ചതിൽ ഒരു കൂട്ടർ വെസ്റ്റ് ഇൻഡീസുകാരാണ്. നമ്മൾ ഭാരത മക്കൾ ഈസ്റ്റ്‌ ഇൻഡീസുകാരുമാണ് . അപ്പോൾ രണ്ടു കൂട്ടരും ഇൻഡീസുകാരാണ്. അങ്ങനെ നോക്കിയാൽ ഗെയ്ലിന്റെ സെഞ്ച്വറി നാം ഇന്ത്യക്കാർക്കു കൂടി അവകാശപ്പെട്ടതല്ലേ. അതേ, അങ്ങനെയാച്ചാൽ പിന്നെങ്ങനെയാ? ദാ ഇങ്ങനെ, ഈസ്റ്റ്‌-വെസ്റ്റ്‌ ഇന്ത്യൻ ഭാരത മാതാ കീ ജയ്‌…

ഇപ്പോൾ ഇന്ത്യയ്ക്കൊരു പേടി. ഇതു പോലൊരു താങ്ങ് ഗെയ്ൽ തങ്ങളെ താങ്ങിയാലോ എന്ന്. എങ്കിൽ à´ˆ ഉലകകപ്പ് പരിപാടി ഇവിടെ പൊളിഞ്ഞതു തന്നെ…ഗെയ്ൽ, ദയവ് ചെയ്ത് ഞങ്ങളെ വെറുതെ വിടൂ. ഏപ്രിൽ മാസത്തിൽ ഐ പി എൽ അല്ലേ. വല്ല അഞ്ചോ പത്തോ (കോടികൾ !!!) കൂട്ടിത്തരാം…