ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 43 (QF1) : സൌത്താഫ്രിക്ക vs ശ്രീലങ്ക

സിഡ്നിയിൽ പ്രോട്ടിയൻ വീര്യത്തിനു മുന്നിൽ ദുരന്തകാവ്യം രചിച്ച് ശ്രീലങ്ക എരിഞ്ഞടങ്ങി. ലങ്കാദഹനത്തിനു നേതൃത്വം നല്കിയത് ഇമ്രാൻ താഹിറും ഹാട്രിക്ക്മാൻ ഡൂമിനിയും ഈ ലോകകപ്പിൽ ആദ്യമായി തകർത്തടിച്ച ഡീക്കോക്കും.

വിസ്മയമുളവാക്കിക്കൊണ്ട് തകർന്നടിഞ്ഞ സിംഹള വീര്യം… 1992 ലെ à´† സെമി ഫൈനലിന്റെ ദുരന്ത സ്മൃതികളുണർത്തിക്കൊണ്ട് ദക്ഷിണാഫ്രിക്കയെ ഒന്ന് വിരട്ടാൻ ഇടയ്ക്കെത്തിയ മഴ… സർവത്ര ശ്രീലങ്കൻ ദുരന്തക്കാഴ്ച്ചകൾ… തന്റെ ഭ്രാതാക്കളും മക്കളും അനുചരന്മാരുമെല്ലാം തന്റെ കണ്മുന്നിൽ യുദ്ധഭൂമിയിൽ രാമബാണങ്ങളേറ്റ് മരിച്ചു വീഴുന്നത് കണ്ടിട്ടും രാമസൈന്യത്തോട് ഏകാകിയായി പൊരുതിയ രാവണനെപ്പോലെ തന്റെ കൂട്ടുകാരെല്ലാം തന്റെ കണ്മുന്നിൽ പ്രോട്ടിയന്മാർക്കു മുന്നിൽ വീഴുമ്പോളും ഒരറ്റത്ത് ഏകാകിയായി പൊരുതിയ ലങ്കയുടെ റണ്‍ രാവണൻ സംഗക്കാര… തന്റെ കരിയറിലുടനീളം ശ്രീലങ്കൻ ജയങ്ങൾ വർദ്ധിപ്പിച്ച് , ഒടുവിലിന്ന് തുച്ഛമായ ഒരു സ്കോർ നേടി ഹൃദയവ്യഥയോടെ മടങ്ങിയ ജയവർദ്ധനെ… പൂജ്യനായ ദിൽഷൻ… അങ്ങനെയങ്ങനെ പലതും…

സ്കോർ ശ്രീലങ്ക 37.2 ഓവറിൽ 133 ന് ഓൾ ഔട്ട്‌. ദക്ഷിണാഫ്രിക്ക 18 ഓവറിൽ 1 / 134. ദക്ഷിണാഫ്രിക്കയ്ക്ക് 9 വിക്കറ്റ് ജയം. ഈ ലോകകപ്പിൽ സെമിയിലെത്തുന്ന ആദ്യ ടീമായി അവർ. കൂടാതെ ലോകകപ്പിലെ നോക്കൌട്ട് റൌണ്ടുകളിൽ അവരുടെ ആദ്യജയമാണിത്.

ഒരുപക്ഷേ ഇങ്ങനെയൊരു ലങ്കൻ തകർച്ച ദക്ഷിണാഫ്രിക്ക പോലും പ്രതീക്ഷിച്ചിരിക്കില്ല.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് തുടക്കം മുതലേ പിഴച്ചു. സ്കോർ 4 ൽ എത്തുമ്പോഴേയ്ക്കും ദിൽഷനും(0) കുശാൽ പെരേരയും(3) പുറത്ത്. പിന്നെ മൂന്നാം വിക്കറ്റിൽ തിരിമന്നെയും(41) സംഗക്കാരയും(45) ചേർന്ന് 15 ഓവർ നീണ്ട 65 റണ്ണിന്റെ കൂട്ടുകെട്ട്. ലങ്ക അപകടനില തരണം ചെയ്തെന്നു തോന്നി. പക്ഷേ 69 ൽ തിരി പുറത്ത്. പിന്നീട് നാലാം വിക്കറ്റിലെ ജയ-സംഗ കൂട്ടുകെട്ട് അത്ര നീണ്ടില്ല. 81 ൽ വെച്ച് ജയ(4) പുറത്ത്. ലോകക്രിക്കറ്റിലെ ഏറെ പുകൾ പെറ്റ ജയ-സംഗ കൂട്ടുകെട്ടിന് ഇതോടെ വിരാമമായി. അഞ്ചാം വിക്കറ്റിലെ 33 റണ്‍സ് ലങ്കയെ 100 കടത്തി. 33-ആം ഓവറിലെ അവസാനപന്തിൽ 114 ൽ വെച്ച് ക്യാപ്ടൻ മാത്യൂസ് (19) വീണു.

പിന്നെ വന്നവർ ചടങ്ങ് പൂർത്തിയാക്കി മടങ്ങി; അത്ര മാത്രം. അവരോടൊത്ത് ഏകനായി പോരാടിയ സംഗ പുറത്തായത് ഒമ്പതാമനായാണ്. തിസര പെരേരയും കൌശാലും മുട്ടയിട്ടു (കൗശാലിന്റേത് തങ്കം തന്നെ). കുലശേഖര 1, മലിംഗ 3. ചമീര 2 നോട്ടൗട്ട്. 37.2 ഓവറിൽ 133 ന് ലങ്ക ദഹിച്ചുതീർന്നു.

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി താഹിർ 4 വിക്കറ്റ് വീഴ്ത്തി. ഡൂമിനിയുടെ മൂന്ന് വിക്കറ്റ് ഹാട്രിക്കിലൂടെയായിരുന്നു. 33-ആം ഓവറിന്റെ അവസാന പന്തില്‍ മാത്യൂസിനെ ഡുപ്ലെസ്സിയുടെ കൈയിലെത്തിച്ച ഡൂമിനി, 35-ആം ഓവറിന്റെ ആദ്യ പന്തില്‍ കുലശേഖരയെ വിക്കറ്റ്കീപ്പര്‍ ഡീകോക്കിന്റെയും കൈയിലെത്തിച്ചു. അടുത്ത പന്തില്‍ അരങ്ങേറ്റക്കാരന്‍ കൗശലിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ഹാട്രിക് തികയ്ക്കുകയും ചെയ്തു. പാവം ഡൂമിനി!!! ഇത് സ്വപ്നത്തിലെങ്കിലും സങ്കൽപ്പിച്ചിരുന്നോ ആവോ?… സ്ടെയിനും മോർക്കലും അബ്ബോട്ടും ഓരോ വിക്കറ്റ് പങ്കിട്ടു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക തകർത്തടിച്ചു. വെറും 18 ഓവറിൽ അംലയുടെ(16) മാത്രം വിക്കറ്റ് നഷ്ടപ്പെടുത്തി അവർ ലക്‌ഷ്യം കണ്ടു. 57 പന്തിൽ 78 റണ്‍ നേടിയ ഡീക്കോക്ക് ഈ ലോകകപ്പിൽ ആദ്യമായി തനിനിറം കാട്ടി. ഡുപ്ലസി 21 റണ്‍സ് നേടി.

മലിംഗയ്ക്കാണ് എകവിക്കറ്റ്. പരിപാടി കഴിഞ്ഞു.

MOM : ഇമ്രാൻ താഹിർ

ശ്രീലങ്ക പുറത്തായതോടെ à´ˆ മത്സരം മഹേലയുടെയും സംഗക്കാരയുടേയും കരിയറിലെ അവസാന ഏകദിനമായി. കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടിലേറെ ലോകക്രിക്കറ്റിനെ ത്രസിപ്പിച്ച à´ˆ കൂട്ടുകെട്ട് ഇനി ദീപ്തസ്മരണകൾ മാത്രം. ഒരുപാട് അവിസ്മരണീയ മുഹൂർത്തങ്ങളും റെക്കോർഡുകളും ടെസ്റ്റ്‌ -ഏകദിന ക്രിക്കറ്റിൽ അവശേഷിപ്പിച്ചാണ് ഇവർ യാത്ര പറയുന്നത്. ക്രിക്കറ്റ് ചരിത്രത്തിലെ സമാനതകളില്ലാത്ത, ‘മഹികുമാർ ജയസംഗ’ എന്നറിയപ്പെട്ട കൂട്ടുകെട്ട്. ഓർമ്മകളുടെ ആകാശത്ത് à´ˆ താരങ്ങൾ എന്നും പ്രഭ ചൊരിഞ്ഞു കൊണ്ടിരിയ്ക്കും; ക്രിക്കറ്റ് ഉള്ളിടത്തോളം കാലം… നന്ദി സംഗ… നന്ദി ജയ… നിങ്ങൾക്ക് യാത്രാമംഗളങ്ങൾ…

വാൽക്കഷണം : ലോകകപ്പിൽ ഇന്ന് വരെ ഒരു നോക്കൌട്ട് മാച്ച് പോലും ജയിച്ചിട്ടില്ലെന്ന ജിങ്ക്സ് ഇന്ന് ദക്ഷിണാഫ്രിക്ക തിരുത്തി. ശ്രീലങ്ക എതിരാളിയായി വന്നത് കൊണ്ട് ഇന്ന് രക്ഷപ്പെട്ടു. ഇതുവരെ ഒരു ലോകകപ്പിലും പ്രോട്ടിയന്മാർ സെമിയ്ക്കപ്പുറം പോയിട്ടില്ല. ഇത്തവണ ക്വാർട്ടർ കടന്നുകൂടി. പക്ഷേ സെമിയും നോക്കൌട്ടാണേയ്. കീവീസോ വിൻഡ്യന്മാരോ ആവും പ്രതിയോഗികൾ. മര്യാദയ്ക്ക് കളിച്ചില്ലെങ്കിൽ അവിടെയും ‘നോക്കി ഔട്ടാവാം’. അപ്പോൾ ഫൈനലിൽ എത്തൂല്ല. കപ്പും കിട്ടൂല്ലാ. അതുകൊണ്ട് ഡിവിലിയും കൂട്ടരും നോക്കി ഔട്ടാകാതെ കളിയ്ക്കുക…

പിന്നെ നമ്മുടെ മുട്ടക്കൂടോത്രം വീണ്ടും കളി തുടങ്ങി. ഇന്ന് 3 ലങ്കക്കാരാണ് അതിൽ ദഹിച്ചത്. ഇനി ഫൈനലടക്കം 6 കളി ബാക്കി. ഇനിയെത്രപേർ അതിൽ വീഴുമോ എന്തോ?…