ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 45 (QF3) : ആസ്ട്രേലിയ vs പാക്കിസ്ഥാൻ

അഡലെയ്ഡിൽ വീണ്ടും ഓസീസ്… ഇന്ന് നടന്ന ക്വാർട്ടർ ഫൈനലിൽ അവർ പാകിസ്ഥാനെ ആറ് വിക്കറ്റിനു തകർത്ത് സെമിയിൽ കടന്നു. 26-ആം തീയ്യതി നടക്കുന്ന സെമിയിൽ അവർ ഇന്ത്യയോടേറ്റുമുട്ടും.

ടോസ് കിട്ടി ആദ്യം ബാറ്റ് ചെയ്ത പാക്കുകൾ 49.5 ഓവറിൽ 213 നു ഓൾ ഔട്ട്‌. ഓസീസ് 33.5 ഓവറിൽ 4 / 216.

ഒരർദ്ധസെഞ്ച്വറി പോലുമില്ലാതിരുന്ന പാക്ക് ഇന്നിങ്ങ്സിലെ ടോപ്‌ സ്കോറർ 41 റണ്‍സെടുത്ത ഹാരിസ് സൊഹൈൽ. മറ്റ് ബാറ്റ്സ്മാന്മാരുടെ സ്കോറുകൾ: ഷെഹസാദ് 5, സർഫ്രാസ് 10, മിസ്‌ബ 34, അക്മൽ 20, മഖ്‌സൂദ് 29, അഫ്രിഡി 23, വഹാബ് 16, ആദിൽ 15, സൊഹൈൽ ഖാൻ 4, രഹത് അലി 6*. ഒരു പാക്ക് ബാറ്റ്സ്മാനും കിട്ടിയ തുടക്കം മുതലാക്കാനും വേണ്ട സമയത്ത് സ്കോറിംഗ് വേഗത കൂട്ടാനും കഴിഞ്ഞില്ല.

30 ഓവറിൽ 125 റണ്‍സ് നെടുമ്പോഴേയ്ക്കും 5 വിക്കറ്റുകൾ അവർ നഷ്ടപ്പെടുത്തിക്കഴിഞ്ഞിരുന്നു. രണ്ടാം വിക്കറ്റിലെ 73 റണ്‍സ് മാത്രമാണ് പാക്ക് ഇന്നിങ്ങ്സിലെ ഒരേയൊരു അർദ്ധസെഞ്ച്വറി കൂട്ടുകെട്ട്. ആറാം വിക്കറ്റിലെ 34 ഉം ഏഴാം വിക്കറ്റിലെ 30 ഉം തരക്കേടില്ലെന്നു മാത്രം.

4 വിക്കറ്റ് വീഴ്ത്തിയ ഹേസിൽവുഡും 2 വിക്കറ്റ് വീതം വീഴ്ത്തിയ സ്റ്റാർക്കും മാക്സ് വെല്ലുമാണ് അവരെ തകർത്തത്. ജോണ്‍സണും ഫോക്നറും ഓരോ വിക്കറ്റ് പങ്കിട്ടു. കൂടാതെ ഓസീസിന്റെ വക പതിവുപോലെ തകർപ്പൻ ഫീൽഡിങ്ങും കൂടിയായപ്പോൾ പാക്കുകൾ ചുരുണ്ടു.

മറുപടി ബാറ്റിങ്ങ് തുടങ്ങിയ ഓസീസിന് തുടക്കത്തിൽത്തന്നെ ഫിഞ്ചിനെ(2) നഷ്ടമായി. ആഞ്ഞുവീശിയ വാർണർ(24) വീഴുമ്പോൾ ഓസീസ് 8.3 ഓവറിൽ 49. 59 ൽ ക്ളാർക്കും(8) വീണു. തന്റെ ആദ്യ സ്പെൽ എറിഞ്ഞ വഹാബിന്റെ ഉജ്ജ്വല പ്രകടനമായിരുന്നു കുറച്ചുനേരം. മിന്നൽവേഗത്തിൽ കൃത്യമായി പന്തെറിഞ്ഞ വഹാബ് അക്ഷരാർത്ഥത്തിൽ ഓസീസിനെ വിഷമിപ്പിച്ചു. വഹാബായിരുന്നു വാർണറേയും ക്ളാർക്കിനേയും പുറത്താക്കിയത്.

പിന്നീടെത്തിയ വാട്സണ്‍ വഹാബിന് മുന്നിൽ ശരിയ്ക്കും വിയർത്തു. പക്ഷേ തന്റെ കൂടെയുള്ള ഫീൽഡർമാരുടെ സഹായം വഹാബിന് വേണ്ടത്ര കിട്ടിയില്ല. വാട്സണ്‍ 16 ൽ നിൽക്കുമ്പോൾ വഹാബിന്റെ പന്തിൽ നല്കിയ ക്യാച്ച് രഹത് അലി വിട്ടുകളഞ്ഞു. അതുപോലെ സ്മിത്ത്(65) പുറത്തായതിനു ശേഷം വന്ന മാക്സ് വെൽ 5 റണ്‍സെടുത്ത് നിൽക്കുമ്പോൾ വഹാബിന്റെ പന്തിൽത്തന്നെ നല്കിയ ക്യാച്ച് സൊഹൈൽ ഖാനും കൈവിട്ടു. പിന്നീട് തകർത്തടിച്ച ഇരുവരുമാണ് ഓസീസിനെ വിജയത്തിലേയ്ക്കെത്തിച്ചത്. ക്യാച്ചുകൾ കളികൾ ജയിപ്പിക്കുന്നു എന്ന കാര്യം പാക്കുകൾ മറന്നതിന് മത്സരം തന്നെ അടിയറ വെയ്ക്കേണ്ടിവന്നു.

സ്മിത്തും വാട്സനും ചേർന്ന് നാലാം വിക്കറ്റിൽ നേടിയ 89 റണ്‍സും വാട്സനും മാക്സ് വെല്ലും ചേർന്ന് അഭേദ്യമായ അഞ്ചാം വിക്കറ്റിൽ നേടിയ റണ്‍സും ഓസീസിന്റെ വിജയം നിർണ്ണയിച്ച കൂട്ടുകെട്ടുകളായി. രണ്ടാം സ്പെല്ലിനെത്തിയ വഹാബിനെ ഇരുവരും നന്നായി പ്രഹരിച്ചു. വാട്സണ്‍ 64 റണ്‍സോടെയും (66 പന്ത് – 7 ഫോർ 1 സിക്സ്) മാക്സ് വെൽ 44 റണ്‍സോടെയും (29 പന്ത് – 5 ഫോർ 2 സിക്സ്) പുറത്താകാതെ നിന്നു. 34-ആം ഓവറിലെ അഞ്ചാം പന്തിൽ സൊഹൈൽ ഖാനെ ഫോറടിച്ചുകൊണ്ട് വാട്സണ്‍ ഓസീസിനെ ജയത്തിലേയ്ക്കും സെമിയിലേയ്ക്കും നയിച്ചു.

വഹാബ് രണ്ടും സൊഹൈൽ ഖാനും ആദിലും ഓരോന്നും വിക്കറ്റുകൾ വീഴ്ത്തി.

MOM : ജോഷ്‌ ഹേസിൽവുഡ്

തോൽവിയ്ക്ക് കാരണം തേടി പാക്കുകൾക്ക് വേറെങ്ങും പോകേണ്ട ആവശ്യമില്ല. വകതിരിവില്ലാത്ത ബാറ്റിംഗും ഉത്തരവാദിത്തമില്ലാത്ത ഫീൽഡിങ്ങും തന്നെയാണ് അവർക്ക് വിനയായത്. തുടരെ 4 കളി ജയിച്ച് ക്വാർട്ടറിൽ വന്ന പാകിസ്ഥാനെയല്ല ഇന്ന് കണ്ടത് ; മറിച്ച്, എല്ലാ ദൗർബ്ബല്ല്യങ്ങളുമുള്ള ആ പഴയ പാകിസ്താനെ ആയിരുന്നു. നന്നായി ബൌൾ ചെയ്ത വഹാബിന് പിന്തുണ സഹകളിക്കാരിൽ നിന്നും കിട്ടാത്തതും കൂടിയായപ്പോൾ എല്ലാം പൂർത്തിയായി.

മിസ്ബയുടെയും അഫ്രിഡിയുടേയും അവസാന ലോകകപ്പായി ഇത്. 2019 ല്‍ ഇവരെ നാം കാണില്ല. തന്റെ മുപ്പതുകളിൽ പാക്ക് ടീമിലേയ്ക്ക് തിരിച്ചെത്തി എട്ടോളം വർഷങ്ങൾ ഉജ്ജ്വലമായി കളിച്ചയാളാണ് മിസ്ബ. പിന്നെ ബൂം ബൂം അഫ്രിഡി… എങ്ങനെയാണ് അദ്ദേഹത്തെ നാം വിശേഷിപ്പിയ്ക്കുക? രണ്ടു പതിറ്റാണ്ട് നീണ്ട à´† കരിയറിൽ ലോകത്തുള്ള എത്രയോ ബൌളർമാർ à´† കൈയിന്റെ ചൂടറിഞ്ഞിരിയ്ക്കുന്നു. താങ്ക് യൂ മിസ്ബ… താങ്ക് യൂ അഫ്രിഡി… ക്രിക്കറ്റ് ലോകം എന്നും നിങ്ങളെ മിസ്സ്‌ ചെയ്യും (ഇനിയും കളി തുടരാൻ നിങ്ങൾ വിസമ്മതിയ്ക്കുകയാണെങ്കിൽ…).

വാൽക്കഷണം : ഓസ്ട്രേലിയയെത്തന്നെ സെമിയിൽ എതിരാളികളായിക്കിട്ടിയത് നന്നായെന്ന് ടീം ഇന്ത്യ. സെമി സിഡ്നിയിൽ വെച്ചാണ്. ഓസീസിനെ അവരുടെ നാട്ടിൽവെച്ച് അവരുടെ ആരാധകരുടെ മുന്നിൽ വെച്ച് പൊട്ടിച്ച് ഫൈനലിൽ കയറണമത്രേ. അപ്പോഴേ à´ˆ ലോകകപ്പിൽ ഇതുവരെ നേടിയ ജയങ്ങൾക്ക് ആധികാരികത വരുള്ളൂ പോലും. ഏതായാലും, ഇന്ത്യ കപ്പെടുക്കണമെന്നു ആഗ്രഹിക്കുമ്പോഴും ഓസീസിന്റെ ഇപ്പോളത്തെ ഫോമും ഇന്ത്യ കഴിഞ്ഞ à´šà´¿à´² മാച്ചുകളിൽ കാണിച്ച അലംഭാവവും വെച്ചു നോക്കുമ്പോൾ പണ്ട് നാടോടിക്കാറ്റിൽ ശ്രീനിവാസൻ പറഞ്ഞപോലെ ‘എത്ര മനോഹരമായ നടക്കാത്ത സ്വപ്നം!!!’… സെമിയാണ്; നന്നായിക്കളിച്ച് ജയിയ്ക്കുക. വീരവാദം പിന്നെ.

പിന്നെ ഒരുകാര്യം, ഹാഡിനെ സൂക്ഷിക്കണം. ഓൻ ഇന്നത്തെപ്പോലെ ഏതുനിമിഷവും കള്ള സ്റ്റമ്പിങ്ങ് ചെയ്യാൻ നോക്കും. ഇന്ത്യൻ അടിവീരന്മാർ ജാഗ്രതൈ…

Score Board