ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 35 : ശ്രീലങ്ക vs സ്കോട്ട്ലണ്ട്

ഹൊബാർട്ടിലെ ബെല്ലെരീവ് ഓവലിൽ ചരിത്രം വഴി മാറി… സിംഹളദേശ സിംഹങ്ങൾക്ക് മുന്നിൽ സ്കോട്ട്ലണ്ട് കാലിടറി വീണു… തുടർച്ചയായി നാലാം സെഞ്ച്വറി നേടിക്കൊണ്ട് ഏകദിനത്തിലും ലോകകപ്പിലും അപൂർവമായ ലോകറെക്കോർഡിനുടമയായി കുമാർ സംഗക്കാര ഏകദിനത്തിന്റെ ചരിത്രത്താളുകളിലേയ്ക്ക്… മിന്നുന്ന ഒരു സെഞ്ച്വറി നേടിയ ദിൽഷൻ… വെടിക്കെട്ട്‌ കത്തിത്തീരുംപോലെ മാത്യൂസ്…

അതെ, ശ്രീലങ്കയും സ്കോട്ട്ലണ്ടും തമ്മിൽ നടന്ന ഇന്നത്തെ മത്സരത്തിൽ ജേതാവ് ആരായിരിക്കുമെന്ന് എല്ലാവർക്കും നേരത്തെ അറിയാമായിരുന്നു. പക്ഷേ കേവലം ഒരു ശ്രീലങ്കൻ ജയത്തിനുപരി ഈ മാച്ച് സംഗയുടെ പേരിലായിരിക്കും ക്രിക്കറ്റ് ചരിത്രത്തിൽ എഴുതിച്ചേർക്കപ്പെടുക.

ടോസ് കിട്ടിയ ശ്രീലങ്ക ബാറ്റിങ്ങ് തെരഞ്ഞെടുത്തു. സ്കോർ 5.3 ഓവറിൽ 21-ൽ നിൽക്കേ തിരിമന്നെ (4) പുറത്ത്. പിന്നെ നടന്നത് ചരിത്രം… രണ്ടാം വിക്കറ്റിൽ ദിൽ-സംഗ കൂട്ടുകെട്ട് നേടിയത് 195 റണ്‍സ് – ലോകകപ്പിലെ ശ്രീലങ്കയുടെ മൂന്നാമത്തെ ഉയർന്ന കൂട്ടുകെട്ട്. ഇരുവരും സെഞ്ച്വറി നേടുകയും ചെയ്തു. ദിൽഷൻ 99 പന്തിൽ 104; സംഗ 95 പന്തിൽ 124.

പിന്നെ വന്നവരിൽ മാത്യൂസാണ് ഗംഭീരമാക്കിയത്. 21 പന്തിൽ 51 റണ്‍സ്. ലോകകപ്പിൽ ഒരു ശ്രീലങ്കക്കാരന്റെ ഫാസ്റ്റസ്റ്റ് ഫിഫ്ടി. ജയവർധനെ 2, തിസര പെരേര 6, പ്രസന്ന 3, മലിംഗ 1 എന്നിവർ രണ്ടക്കം തികച്ചില്ല. കുശാൽ പെരേരയും (24) കുലശേഖരയും(18*) ചമീരയും(12*) മാത്രമേ പിന്നീട് സ്കോർ മുന്നോട്ട് കൊണ്ടുപോയുള്ളൂ. ഒരു ഘട്ടത്തിൽ ലങ്ക 400 കടക്കുമെന്ന് തോന്നിച്ചെങ്കിലും അത് നടന്നില്ല. ഒടുവിൽ ലങ്ക 50 ഓവറിൽ 9 / 363.

ഏകദിനത്തിലും / ലോകകപ്പിലും തുടർച്ചയായി 4 സെഞ്ച്വറി അടിയ്ക്കുന്ന ആദ്യ കളിക്കാരനായി സംഗ. ദിൽഷന്റേത് ഈ ലോകകപ്പിലെ രണ്ടാം സെഞ്ച്വറി.

സ്കോട്ട്ലണ്ടിനു വേണ്ടി ഡേവി മൂന്നും ഇവാൻസും ബെറിംഗ്ടനും 2 വീതവും ടെയ്ലറും മാക്കനും 1 വീതവും വിക്കറ്റുകൾ വീഴ്ത്തി. പക്ഷേ ലങ്കൻ സിംഹങ്ങളെ നിയന്ത്രിയ്ക്കാൻ അവർക്കു കഴിഞ്ഞില്ല. 44- ആം ഓവറിൽ മാക്കനെ മാത്യൂസ് തുടർച്ചയായി 4 സിക്സടിച്ചു. സ്കോറിംഗ് വേഗം കൂട്ടുന്നതിനിടയിൽ ശ്രീലങ്കൻ വിക്കറ്റുകൾ തുരുതുരെ വീണത്‌ മാത്രം സ്കോട്ട്ലണ്ടിന് അൽപം ആശ്വാസം നല്കി.

പിന്നീട് ബാറ്റിങ്ങ് തുടങ്ങിയ സ്കോട്ട്ലണ്ട് ഒരിയ്ക്കൽ പോലും ശ്രീലങ്കയ്ക്ക് വെല്ലുവിളി ഉയർത്തിയതേ ഇല്ല. സ്കോർ 44 റണ്‍സ് എത്തിയപ്പോഴേയ്ക്കും കൊയെറ്റ്സർ(0), മാക്ലീയോഡ്(11), മാക്കാൻ(19) എന്നിവർ പുറത്ത്.

പിന്നെ മോംസെന്നും(60) കോൾമാനും(70) ചേർന്നുള്ള 118 റണ്‍സിന്റെ നാലാം വിക്കറ്റ് കൂട്ടുകെട്ട്. ഇരുവരും പോയതോടെ സ്കോട്ടന്മാരുടെ പ്രതീക്ഷയും തീർന്നു. പിന്നീട് വന്നവർ ഒരു ഘോഷയാത്ര പോലെ ദേ വന്നു ദാ പോയി. ലീസ്ക് 2, ക്രോസ് 7, ടെയ്ലർ 3, ഡേവി 4 എന്നിങ്ങനെ പിൻനിരയൊതുങ്ങി. ബെരിങ്ങ്ടൻ 29 റണ്‍സടിച്ചു. ഇവാൻസ് ഒരു റണ്ണോടെ പുറത്താകാതെ നിന്നു. 43.1 ഓവറിൽ 215 റണ്‍സിനു സ്കോട്ട്ലണ്ട് ഇന്നിങ്ങ്സ് തീർന്നു. ലങ്കയ്ക്ക് 148 റണ്‍സ് ജയം.

ലങ്കയ്ക്ക് വേണ്ടി കുലശേഖരയും ചമീരയും 3 വിക്കറ്റുകൾ വീതം വീഴ്ത്തി. മലിംഗ രണ്ടും പെരേരയും ദിൽഷനും ഒന്ന് വീതവും… വിക്കറ്റിനു പിന്നിൽ തന്റെ 54-ആം ഇരയെ കണ്ടെത്തിയ സംഗ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഇരകളെ കണ്ടെത്തിയ വിക്കറ്റ് കീപ്പറുമായി.

MOM : കുമാർ സംഗക്കാര

വാൽക്കഷണം : à´ˆ വർഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിയ്ക്കുമെന്ന് സംഗക്കാര – അതും മുപ്പത്തേഴാം വയസ്സിലും അത്യുജ്ജ്വല ഫോമിൽ നിൽക്കുമ്പോൾ.

പ്രിയ സംഗ, അങ്ങ് വിരമിയ്ക്കുന്നതോടെ ക്രിക്കറ്റിൽ തീർച്ചയായും ഒരു യുഗം അവസാനിയ്ക്കുകയാണ്. പക്ഷെ സ്വരം നല്ലപ്പോൾ പാട്ട് നിർത്തുന്നത് തന്നെയാണ് ആരോഗ്യത്തിനു നല്ലത്. കളി മോശമായാലും തങ്ങൾ വിരമിക്കൂല എന്ന് പറയുന്നവർക്ക് അങ്ങ് മാതൃകയാകട്ടെ…