ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 44 (QF2) : ഇന്ത്യ vs ബംഗ്ളാദേശ്‌

വംഗദേശം വെന്ന് ഭാരതപുത്രന്മാർ… à´ˆ ലോകകപ്പിൽ പരാജയമറിയാതെ ടീം ഇന്ത്യ… à´ˆ ലോകകപ്പിലെ തുടർച്ചയായ ഏഴാം ജയം… ക്യാപ്റ്റൻ കൂളിന്റെ നേതൃത്വത്തിൽ ഇന്ത്യയ്ക്ക് ലോകകപ്പിൽ തുടർച്ചയായ 11-ആം ജയം… ക്യാപ്റ്റൻ ധോണിയ്ക്ക് വിജയ ശതകം… വിജയങ്ങളുടെ കാര്യത്തിൽ ധോണി പോണ്ടിങ്ങിനും ബോർഡർക്കും പിന്നിൽ മൂന്നാമത്… 100 ഏകദിനവിജയം നേടുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റൻ… ഇന്ത്യ ലോകകപ്പ് സെമിയിൽ കടക്കുന്നത് ഇത് ആറാം തവണ…

തുടർച്ചയായി ഏഴാം തവണയും ലോകകപ്പിൽ തങ്ങളുടെ എതിരാളികളെ ഓൾ ഔട്ടാക്കിയ റെക്കോർഡ് ടീം ഇന്ത്യയ്ക്ക്… വിക്കറ്റ് വേട്ടയിൽ മുന്നിലെത്തി ഷാമി… രോഹിത് ശർമ്മയ്ക്ക് ആദ്യ ലോകകപ്പ് സെഞ്ച്വറി… à´ˆ ലോകകപ്പിൽ ബാറ്റിങ്ങ് പവർപ്ളേയിൽ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താത്ത ആദ്യ ടീമായി ഇന്ത്യ…

മെൽബണിൽ 300 ൽ അധികം സ്കോർ ഇന്ന് വരെ ആരും പിന്തുടർന്ന് വിജയിച്ചിട്ടില്ലെന്ന ചരിത്രം ആവർത്തിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 6 / 302. ബംഗ്ളാദേശ്‌ 45 ഓവറിൽ 193 ന് ഓൾ ഔട്ട്‌. 109 റണ്‍സിന്റെ വിജയത്തോടെ ഇന്ത്യ സെമിയിൽ കടന്നു. സെമിയിൽ ഇന്ത്യ ഓസീസ് – പാക്കിസ്ഥാൻ ക്വാർട്ടറിലെ ജേതാക്കളെ നേരിടും.

രോഹിത് ശർമ്മയുടെ കന്നി ലോകകപ്പ് സെഞ്ച്വറിയുടേയും(137) റെയ്നയുടെ 65 റണ്‍സിന്റേയും ബലത്തിലാണ് 300 കടന്നത്. ധവാൻ 30 റണ്‍സടിച്ചു. കൊഹ്ലി 3 നും ധോണി 6 നും രഹാനെ 19 നും പുറത്തായി. ജഡേജ 23 റണ്‍സും (10 പന്ത്) അശ്വിൻ 3 റണ്‍സും നേടി പുറത്താകാതെ നിന്നു.

ഒന്നാം വിക്കറ്റിൽ വന്നത് 75 റണ്‍സ്. ആദ്യ 15 ഓവറിൽ റണ്‍ റേറ്റ് 5 ന് അടുത്ത് ഉണ്ടായിരുന്ന ഇന്ത്യ ധവാനും കൊഹ്ലിയും പുറത്തായതോടെ ഇഴയാൻ തുടങ്ങി. 25 ഓവറിൽ 99 ആയിരുന്നു ഇന്ത്യയുടെ സ്കോർ. (പിന്നീട് അടുത്ത 25 ഓവറിൽ വന്നത് 203 റണ്‍സ്!!!). 28-ആം ഓവറിൽ രഹാനെ പുറത്തായതിനു ശേഷം വന്ന റേയ്നയെ കൂട്ടുപിടിച്ച് സ്കോറിങ്ങിന് വേഗം കൂട്ടി. 43.5 ഓവർ വരെ നീണ്ട ഈ കൂട്ടുകെട്ടിൽ പിറന്നത് 122 റണ്‍സ്. ഓവർ നമ്പർ 40 ൽ ഇന്ത്യ 200 കടന്നു. ബാറ്റിങ്ങ് പവർപ്ളേയിൽ വന്നത് 50 റണ്‍സ്.

പിന്നെ അവസാന 10 ഡെത്ത് ഓവറിൽ വന്നത് 102 റണ്‍സ്. രോഹിത് പുറത്താകുമ്പോൾ ഇന്ത്യ 270 കടന്നിരുന്നു. പിന്നെ വന്ന ഒന്നാഞ്ഞു വീശിയപ്പോൾ പതിവുപോലെ ഇന്ത്യ 300 കടന്നു. ഇടയ്ക്ക് പെയ്ത മഴ വില്ലനായെങ്കിലും കളി വെട്ടിച്ചുരുക്കേണ്ടി വന്നില്ല.

ഇടയ്ക്ക് സ്വന്തം സ്കോർ 90 ൽ വെച്ച് അമ്പയർ നല്കിയ ജീവൻ ദാനമാണ് രോഹിതിനു രക്ഷയായത്. റൂബെൽ ഹുസ്സയിന്റെ ഫുൾടോസിൽ ആഞ്ഞടിച്ച രോഹിതിനെ ഡീപ്പ് മിഡ് വിക്കറ്റിൽ ഫീൽഡർ ക്യാച്ച് ചെയ്തെങ്കിലും അമ്പയർ അത് അരയുടെ മുകളിലാണെന്നു പറഞ്ഞ് നോബോൾ വിധിച്ചു. പക്ഷെ റീപ്ളേയിൽ അത് വളരെ മാർജിനൽ ആയിരുന്നുവെന്ന് വ്യക്തമായിരുന്നു. ആ ലൈഫ് രോഹിത് നന്നായി മുതലാക്കുകയും ചെയ്തു.

വംഗന്മാർക്കു വേണ്ടി ടസ്കിൻ അഹമ്മദ് 3 വിക്കറ്റ് വീഴ്ത്തി. മൊർതാസയും റൂബെല്ലും ഷാക്കിബും ഓരോന്ന് വീതവും.

മറുപടി ബാറ്റിങ്ങ് തുടങ്ങിയ വംഗന്മാർക്കു വേണ്ടി ഓപ്പണർമാരായ തമീമും(25) ഇമ്രുളും(5) ചേർന്ന് തരക്കേടില്ലാത്ത തുടക്കം നല്കി. പക്ഷേ
സ്കോർ 33 ൽ വെച്ച് ഇരുവരും പുറത്ത്. സർക്കാരും(29) മഹമ്മൂദുള്ളയും(21) ചേർന്ന് മൂന്നാം വിക്കറ്റിൽ 40 റണ്‍സ് ചേർത്തു. 73 ൽ മഹമ്മൂദുള്ളയും 90 ൽ സർക്കാരും വീണു. 104 ൽ വെച്ച് 10 റണ്‍സ് നേടിയ ഷാക്കിബും പുറത്തായതോടെ വംഗന്മാർ വങ്കന്മാരായെന്ന് എല്ലാവരും ഉറപ്പിച്ചു.

മുഷ്ഫിക്കുർ(27) കൂടി പുറത്തായപ്പോൾ സ്കോർ 6 / 139. പിന്നെ ഏഴാം വിക്കറ്റിൽ സാബിറും(30) നാസിറും(35) ചേർന്ന് 50 റണ്‍സ്. 189 ൽ വെച്ച് നാസിർ പുറത്ത്. പിന്നാലെ വന്ന മൊർതാസ ഒരു റണ്ണിനും റൂബെൽ പൂജ്യത്തിനും പോയി. പത്താമനായി സാബിർ വീണപ്പോൾ ടസ്കിൻ റണ്ണൊന്നുമെടുക്കാതെ പുറത്താകാതെ നിന്നു. വംഗന്മാർ 193 ന് പറപറന്നു; ഇന്ത്യ സെമിയിലേയ്ക്കും.

നമ്മുടെ ഉമേഷ്‌ യാദവ് 4 വംഗന്മാരെ വീഴ്ത്തി. ഷാമി 2 പേരേയും. ജഡേജ 2 പേരെ എറിഞ്ഞിട്ടപ്പോൾ ഒരെണ്ണം മോഹിതിനു കിട്ടി. ഇമ്രുൾ റണ്ണൌട്ടായി.

MOM : രോഹിത് ശർമ്മ

വീണ്ടും കളി മറന്ന ഇന്ത്യയെ ബംഗ്ളാദേശ്‌ ശരിയ്ക്കും ഒരു പാഠം പഠിപ്പിച്ചേനെ. ഇന്ത്യയുടെ ദൗർബ്ബല്ല്യങ്ങൾ വംഗന്മാർ തുറന്നുകാട്ടുകയും ചെയ്തു. പക്ഷേ രോഹിതും റെയ്നയും അമ്പയറും അവരെ തോൽപ്പിച്ചു. സ്റ്റാർക്കിനേയോ ജോണ്‍സണേയൊ സൌത്തിയേയോ സ്ടെയ്നിനേയോ പോലെ നാശം വിതയ്ക്കുന്ന ബൌളർമാരില്ല ബംഗ്ളാദേശിന്. എങ്കിലും സുപ്രസിദ്ധരായ ഇന്ത്യൻ അടിവീരന്മാർ ആദ്യ 25 ഓവർ വരെ റണ്‍ നേടാൻ നന്നേ പരുങ്ങി. 2007 ലെ പോലെ വീണ്ടും ഒരു ബംഗ്ളാദേശ് അട്ടിമറി വരെ പ്രതീക്ഷിച്ച നിമിഷങ്ങൾ ആ സമയത്തുണ്ടായിരുന്നു. അവിടെ നിന്നും പൊരുതാവുന്ന ഒരു സ്കോറിലേയ്ക്ക് ഇന്ത്യയെ നയിച്ചത് റെയ്നയും രോഹിതും ചേർന്നുള്ള കൂട്ടുകെട്ടായിരുന്നു. അതിനോട് നാം കടപ്പെട്ടിരിയ്ക്കുന്നു.

സെമിയിൽ ഇതേ ദൗർബ്ബല്ല്യങ്ങൾ ആവർത്തിച്ചാൽ ലോകകപ്പ് വേറെയാരെങ്കിലും കൊണ്ടുപോകുമെന്ന് മാത്രം.

വാൽക്കഷണം : ഇന്നത്തെ കളിയിൽ കൊഹ്ലിയെ പുറത്താക്കിയപ്പോൾ റൂബെൽ കിടന്നു തിളച്ചു മറിഞ്ഞു; കൊഹ്ലിയെ എന്തോ പറയുകയും ചെയ്തു. അന്നത്തെ റിപ്പോർട്ടറെ ചീത്ത വിളിച്ച കേസിൽ ടീം മാനേജ്മെന്റിന്റെ താക്കീതോർത്തിട്ടാവണം, കൊഹ്ലി ഒന്നും പറയാതെ തിരിച്ചുപോന്നു. പിന്നെ വംഗന്മാർ ബാറ്റ് ചെയ്യുമ്പോൾ റൂബെൽ വട്ടക്കുമ്പളങ്ങ പോലൊരു ആനമുട്ട വാങ്ങിയാണ് പുറത്തായത്. അപ്പോൾ നമ്മുടെ കൊഹ്ലിയുടെ മുഖഭാവം ഒന്ന് കാണണം. എന്തോരു പാൽപ്പുഞ്ചിരി!!! ഡ്രെസ്സിംഗ് റൂമിൽ ചെന്നപ്പോളല്ലേ മനസ്സിലായത് അതൊന്നാന്തരം പൂപ്പുഞ്ചിരികൊണ്ടുള്ള ചീത്ത വിളിയായിരുന്നെന്ന്. കേമം തന്നെ. ഇങ്ങനെ പുറത്ത് പുഞ്ചിരിച്ച് അകത്ത് ചീത്ത വിളിയ്ക്കാൻ കൊഹ്ലിയ്ക്കുള്ള കഴിവ് അപാരം തന്നെ. അതിനാൽ ഇന്ന് മുതൽ കൊഹ്ലി പൂപ്പുഞ്ചിരിയിട്ടാൽ സൂക്ഷിയ്ക്കുക.