ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 30 : അയർലണ്ട് vs സിംബാബ്‌വേ

കഴിഞ്ഞ ആഴ്ച ഓസീസ് vs ന്യൂസിലണ്ട് ത്രില്ലർ മാച്ച് എല്ലാവരും ഓർക്കുന്നുണ്ടാവും. രണ്ട് മദയാനകൾ കൊമ്പ് കോർത്ത കിടിലൻ മാച്ച്. കീവീസാണ് ജയിച്ചത്.

ഇന്ന് നടന്ന അയർലണ്ട് vs സിംബാബ്‌വേ മാച്ച് രണ്ട് ചെറുമീനുകൾ തമ്മിലെ കളി മാത്രമാകുമായിരുന്നു. പക്ഷേ ക്രിക്കറ്റിന്റെ എല്ലാ അനിശ്ചിതത്വവും പോരാട്ടവീര്യവും പൂർണ്ണമായി പ്രതിഫലിച്ച ഒരു കിടുകിടിലൻ മാച്ചായി ഇത്. അത്രയ്ക്ക് ഗംഭീരമായി ഹൊബാർട്ടിലെ ബെല്ലരീവ് ഓവലിൽ നടന്ന മത്സരം.

Ed Joyce

 

 

 

Balbirnie

ആദ്യം ബാറ്റ് ചെയ്ത അയർലണ്ട് 50 ഓവറിൽ 8 / 331. എഡ് ജോയ്സിന്റെ സെഞ്ച്വറിയും (112) ബാൽബിർണിയുടെ തകർപ്പൻ പ്രകടനവും(97) ഒത്തുചേർന്നപ്പോൾ ഐറിഷ് ബാറ്റിങ്ങ് നിര മികച്ച പ്രകടനം തന്നെ കാഴ്ച വെച്ചു. പോർട്ടർഫീൽഡ് 29, സ്റ്റിർലിങ്ങ് 10,കെവിൻ ഒബ്രിയൻ 24, വിൽസൻ 25, മൂണി 10 തുടങ്ങിയവരായിരുന്നു മറ്റ് പ്രധാന സ്കോറർമാർ.

2 ന് 79 എന്ന നിലയിൽ നിന്നും മൂന്നാം വിക്കറ്റിൽ 138 റണ്‍സ് ജോയ്‍സും ബാൽബിർണിയും അടിച്ചു കൂട്ടി. പിന്നെ നാലാം വിക്കറ്റിൽ ബാൽബിർണിയും കെവിൻ ഒബ്രിയനും ചേർന്ന്‌ 59 റണ്‍സ്. ഒരു ഘട്ടത്തിൽ 350 കടക്കുമെന്ന് തോന്നിച്ച ഐറിഷ് നിര പക്ഷേ അവസാനം വിക്കറ്റുകൾ തുടരെ നഷ്ടപ്പെട്ട്‌ 331 ൽ ഒതുങ്ങി.

സിംബന്മാർക്ക് വേണ്ടി ചതാരയും വില്ല്യംസും 3 വിക്കറ്റുകൾ വീഴ്ത്തി. ഒരെണ്ണം പന്ന്യന്ഗാരയ്ക്കും. ബാൽബിർണി റണ്ണൌട്ട് ആയി.

Taylor
Williams

 

മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വേ 16.ഓവറിൽ 4 / 74. ചിഭാഭയും 18,റാസയും 12, മസകഡ്സയും 5, മിരേയും 11 പുറത്ത്. പിന്നെ ഒരു ഐതിഹാസിക കൂട്ടുകെട്ട്; ബ്രണ്ടൻ ടെയ്ലറും (121) സീൻ വില്ല്യംസും(96) തമ്മിൽ – അഞ്ചാം വിക്കറ്റിൽ 149 റണ്‍സ്. അവർ നിൽക്കുമ്പോൾ സിംബന്മാർക്ക് വിജയപ്രതീക്ഷ ഉണ്ടായിരുന്നു. പക്ഷേ സ്കോർ 223 ൽ à´† കൂട്ടുകെട്ട് പൊളിഞ്ഞു.

259 ൽ 6-ആം വിക്കറ്റ് വീണു ഇർവിൻ(11). പിന്നെ ഏഴാം വിക്കറ്റിൽ വില്ല്യംസും ചക്കബ്വയും ചേർന്ന് 41 റണ്‍സ്. എന്നാൽ 300 ൽ വില്യംസ് വീണു. പകരം വന്ന പന്ന്യന്ഗാര(5) 305 ൽ വീണിട്ടും സിംബന്മാർ വിട്ടില്ല. ചക്കബ്വായും മുപാരിവായും ചേർന്ന് 9-ആം വിക്കറ്റിൽ 20 റണ്‍സ്. 48-ആം ഓവറിൽ മുപാരിവ കെവിൻ ഒബ്രിയനെ കടന്നാക്രമിച്ച് 2 ഫോറും 1 സിക്സുമടിച്ച് സിംബാബ്‌വേയെ വിജയത്തിനടുത്തെത്തിച്ചു.

പക്ഷേ അവസാന ഓവറിൽ ആദ്യ പന്തിൽ സ്കോർ 325 ൽ ചക്കബ്വയും(17) പോയി. അവസാനക്കാരൻ ചതര 1 റണ്‍സെടുത്ത് 49.3 ഓവറിൽ പുറത്തായതോടെ സിംബന്മാർ ഓൾ ഔട്ടായി. അയർലണ്ട് 5 റണ്‍സിനു ജയിച്ചു. അങ്ങനെ ക്വാർട്ടർ പ്രതീക്ഷ നിലനിർത്തുകയും ചെയ്തു.

അയർലണ്ടിന് വേണ്ടി കുസാക്ക് 4 വിക്കറ്റ് വീഴ്ത്തി. മൂണിയും കെവിൻ ഒബ്രിയനും രണ്ട് വീതവും ഡോക്ക്റെല്ലും മക് ബ്രൈനും ഒന്ന് വീതവും വീഴ്ത്തി.

Cusack

ഏതാണ്ട് നാലയിരത്തിന് അല്പം മീതെ എണ്ണം കാണികളേ ഉണ്ടായിരുന്നുള്ളൂവെങ്കിലും അവർക്ക് ഇതൊരു ആവേശകരമായ മാച്ചായി. അത്രയ്ക്ക് ത്രില്ലിങ്ങ് മൊമെന്റ്സ് ഇതിലുണ്ടായിരുന്നു. അങ്ങനെ കളി കുഞ്ഞന്മാരുടേതായിരുന്നെങ്കിലും തങ്ങളെ എഴുതിത്തള്ളാൻ പറ്റില്ലെന്നവർ തെളിയിച്ചു.

ജോയ്‍സും ബാൽബിർണിയും ബ്രണ്ടൻ ടെയ്ലറും സീൻ വില്ല്യംസും പ്രത്യേകം അഭിനന്ദനമർഹിക്കുന്നു. അയർലണ്ട് ഒരു ശക്തിയായി വളരുന്ന കാഴ്ചയാണ് നാം കാണുന്നത്. തോറ്റെങ്കിലും സിംബന്മാരും നന്നായി പൊരുതി. എന്തായാലും ഇതൊരു തകർപ്പൻ മത്സരമായിരുന്നെന്നതിന് യാതൊരു സംശയവുമില്ല.

കണ്‍ഗ്രാറ്റ്സ് അയർലണ്ട്… കണ്‍ഗ്രാറ്റ്സ് സിംബാബ്‌വേ…

MOM : എഡ് ജോയ്സ്

വാൽക്കഷണം : 2019 ഉലകകപ്പിൽ അസോസിയേറ്റ് ടീമുകളുടെ എണ്ണം കുറയ്ക്കുമെന്ന് ICC. ഉലകകപ്പിൽ കളിക്കാൻ മൊത്തം 25 ടീമെങ്കിലും വേണമെന്ന് നമ്മുടെ സച്ചിനും. ഇപ്പറഞ്ഞതിൽ ഏതു നടന്നാലും ഇത്തരം അപൂർവ മാച്ചുകളാണ് എന്നെന്നും ഓർമ്മയിൽ നില്ക്കുന്നത്. സച്ചിൻ അല്ലെങ്കിൽ ICC ? ഇവരിൽ ആര് ജയിയ്ക്കുമെന്നതു നമുക്ക് കാത്തിരുന്നു കാണാം.