ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 7 : ബംഗ്ളാദേശ് vs അഫ്ഗാനിസ്ഥാൻ

നമ്മുടെ ഇതിഹാസങ്ങളിലെ, പ്രത്യേകിച്ച് മഹാഭാരതത്തിലെ രണ്ട് കൂട്ടരാണ് ഇന്നേറ്റുമുട്ടിയത്. പറഞ്ഞുതരാം അതാരൊക്കെയാണെന്ന്… സാക്ഷാൽ ശകുനി മാമന്റെ നാട്ടുകാരും (അഫ്ഗാനിസ്ഥാനിലെ കാണ്ടഹാർ അഥവാ ഇതിഹാസ കാലത്തെ ഗാന്ധാരം; അതാണ്‌ മാമന്റെ നാട്.), പിന്നെ വംഗ ഭൂപതികളും (ബംഗ്ളാദേശ്‌ പണ്ട് ബംഗാളിന്റെ ഭാഗമായിരുന്നു. 1905 ലെ ബംഗാൾ വിഭജനം ഓർക്കുക. പിന്നെ 1947 ൽ കിഴക്കൻ പാകിസ്ഥാനായി. 1971 ൽ ബംഗ്ളാദേശ്‌ എന്ന രാജ്യവുമായി. അതിനും മുമ്പ് ഇതിഹാസ കാലത്തെ വംഗ രാജ്യം ആയിരുന്നു ബംഗാൾ.)… ഇപ്പം പുടി കിട്ടി ഇല്ലേ?…

മഹാഭാരത യുദ്ധത്തിൽ മാമനും മക്കളും മരുമക്കളും പൊളിഞ്ഞു പാളീസായി. അതു തന്നെയാ ഇന്നും നടന്നത്. അഫ്ഗാനിസ്ഥാൻ പൊട്ടി… ഒന്നും രണ്ടും റണ്‍സിനല്ല; 105 റണ്‍സിന് …

ആദ്യം ബാറ്റ് ചെയ്ത വംഗന്മാർ 50 ഓവറിൽ 267 ന് എല്ലാവരും പുറത്ത്. പിന്നെ കളിച്ച മാമനാട്ടുകാർ സ്ഥിതി കൂടുതൽ വഷളാക്കി. 42.5 ഓവറിൽ 162 റണ്‍സിന് അവരും പുറത്ത്…

വംഗന്മാർക്കു വേണ്ടി അനാമുൽ ഹക്ക് 29, തമിം ഇക്ബാൽ 19, സൗമ്യ സർക്കാർ 28, മഹമ്മദുല്ല 23, ഷാകിബ് അൽ ഹസൻ 63, മുഷ്ഫിക്കുർ റെഹിം 71 തുടങ്ങിയവർ നന്നായി കളിച്ചു. ആദ്യ 20 ഓവറിൽ ഈ വംഗന്മാർ നേടിയത് വെറും 67 റണ്‍സ് മാത്രം. എന്നാൽ പിന്നീട് ഗിയർ മാറി. ഹസനും റെഹിമും കണ്ണും പൂട്ടിയടിച്ചു. അത് കൊണ്ട് 267 എങ്കിലും കിട്ടി.

മാമനാട്ടുകാർക്കു വേണ്ടി ഹസനും സദ്രാനും ആലവും അഷ്റഫും 2 വിക്കറ്റ് വീതം വീഴ്ത്തി.

ഇനി മാമനാട്ടുകാർ ബാറ്റ് ചെയ്തപ്പോഴോ?…പാവങ്ങൾ പകിട കളിച്ചല്ലേ ശീലമുള്ളൂ , ഇതിപ്പം കിരിക്കറ്റായിപ്പോയില്ലേ!!!… മൂന്നു റണ്‍സ് എടുക്കുമ്പോഴേയ്ക്കും 3 വിക്കറ്റുകൾ à´¡à´¿à´‚… à´¡à´¿à´‚… à´¡à´¿à´‚… ഇത്രയ്ക്ക് വിചാരിച്ചില്ല!!!…ശകുനി മാമനു മുടന്തുള്ളതിനാൽ റണ്‍സ് വേഗം വന്നില്ല. മംഗൽ 27, ഷെൻവാരി 42, ‘കപ്പിത്താൻ’ നബി 44, സദ്രാൻ 17, അഷ്‌റഫ്‌ 10, ആലം 14 ഇവർ പ്രാധാന സ്കോറർമാർ. ഹസൻ ‘ബൂജ്യൻ’… പരിപാടി കഴിഞ്ഞു…

വംഗന്മാർക്കു വേണ്ടി മൊർത്താസ 3 വിക്കറ്റ് വീഴ്ത്തി. ഷാകിബ്‌ അൽ ഹസന് രണ്ടെണ്ണം കിട്ടി. മാമാനാട്ടുകാരിൽ 2 പേർ ഓടിയോടിത്തന്നെ പുറത്തേയ്ക്ക് പോയി. അതിനാൽ ഹൊസെയ്നും അഹമ്മദിനും മഹമ്മദുല്ലയ്ക്കും ഓരോന്ന് വീതമേ കിട്ടിയുള്ളൂ.

ഏതായാലും മാമനാട്ടുകാരും വംഗന്മാരും തമ്മിലുള്ള കളി പൊടി പാറി… വംഗന്മാർ വങ്കന്മാരായില്ല. നല്ല കാലം…

MOM : മുഷ്ഫിക്കുർ റെഹിം

വാൽക്കഷണം: കളി തോറ്റതിന് ശേഷം പത്രസമ്മേളനത്തിൽ മാമന്റെ മരുമകൻ ‘കപ്പിത്താൻ’നബി ഇങ്ങനെ പറഞ്ഞു: “ഇത് ങ്ങടെ കിരിക്കറ്റായിപ്പോയി. പകരം പകിട കളിയാണെങ്കിൽ ഞമ്മളൊരു കൈ നോക്കീനീം…ങ്ങള് നാളെ ബാ, ഞമ്മള് കാണിച്ച് തരാം…പകിട പകിട പന്ത്രണ്ടേയ്…”