ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 47 (SF1) : ന്യൂസിലണ്ട് vs സൗത്ത് ആഫ്രിക്ക

ഈഡൻ പാർക്കിൽ ഇന്ന് പെയ്ത മഴയിൽ കലങ്ങിയൊഴുകിയത് ദക്ഷിണാഫ്രിക്കൻ കണ്ണീർ… ലോകകപ്പിൽ, സെമിഫൈനലിൽ വീണ്ടുമൊരു ദക്ഷിണാഫ്രിക്കൻ ദുരന്തം… ലോകകപ്പ് ജയിയ്ക്കാനെത്തിയ എബിയ്ക്കും കൂട്ടർക്കും കണ്ണീരോടെ വിട… പ്രോട്ടിയൻ സ്വപ്നങ്ങൾക്ക് ഓക്ലണ്ടിൽ ചരമഗീതം… ആദ്യമായി ഒരു ലോകകപ്പ് ഫൈനലിലേയ്ക്ക് കീവീസ്… ദക്ഷിണാഫ്രിക്കയ്ക്ക് അന്ത്യമൊരുക്കി മറ്റൊരു ദക്ഷിണാഫ്രിക്കക്കാരൻ…

ആവർത്തിയ്ക്കുന്ന ദുർവ്വിധിയ്ക്ക് വീണ്ടും ഇരയായിത്തീർന്നു ദക്ഷിണാഫ്രിക്കൻ പ്രതീക്ഷകൾ. ഓക്ലണ്ടിലെ ഈഡൻ പാർക്കിൽ ഇന്ന് നടന്ന ആദ്യ സെമിഫൈനലിൽ നിർഭാഗ്യവും ദുർവ്വിധിയും മഴയും ചേർന്ന് അവരെ തകർത്തു. മഴ കളി മുടക്കിയ മത്സരത്തിൽ D/L മെത്തേഡ് പ്രകാരം ഓവറുകൾ വെട്ടിച്ചുരുക്കലും ലക്‌ഷ്യം പുനർനിർണ്ണയിയ്ക്കലുമെല്ലാം നടന്നു. എല്ലാത്തിന്റേയും ദുരന്തഫലം പേറിയത് പതിവുപോലെ ദക്ഷിണാഫ്രിക്കയും.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക റൂസ്സോവിന്റെയും ഡൂപ്ളസിയുടേയും ഡിവില്ലിയേഴ്സിന്റേയും മികവിൽ 38 ഓവറിൽ 3 / 216 എന്ന ശക്തമായ നിലയിൽ നിൽക്കുമ്പോഴായിരുന്നു മഴ വില്ലനായി അവതരിച്ചത്. ഏറെ നേരം കളി മുടങ്ങിയതോടെ ഓവറുകൾ വെട്ടിച്ചുരുക്കിയാണ് (43 ഓവറുകളാക്കി) മഴയ്ക്ക്‌ ശേഷം കളി തുടർന്നത്. അതോടെ ശേഷിച്ച 5 ഓവർ മാത്രം നേരിട്ട ദക്ഷിണാഫ്രിക്ക 65 റണ്‍സ് കൂട്ടിച്ചേർത്ത് 43 ഓവറിൽ 5 / 281 എന്ന നിലയിൽ തങ്ങളുടെ ഇന്നിങ്ങ്സ് പൂർത്തിയാക്കി. D/L മെത്തേഡ് പ്രകാരം കീവീസിന്റെ ലക്‌ഷ്യം 43 ഓവറിൽ 298 ആയി പുനർനിർണ്ണയിക്കപ്പെട്ടു. 42.5 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ കീവീസ് ലക്‌ഷ്യം കണ്ടു. ഫൈനലിലേയ്ക്ക് ടിക്കറ്റ് നേടുകയും ചെയ്തു.

8 ഓവർ കഴിയും മുമ്പേ പ്രോട്ടിയൻ ഓപ്പണർമാർ (ആംല 10, ഡീക്കോക്ക് 14) പുറത്ത്. പിന്നെ റൂസ്സോവും(39) ഡൂപ്ലസിയും ചേർന്ന് മൂന്നാം വിക്കറ്റിൽ 83 റണ്‍സ് നേടി. പിന്നീട് വന്ന ക്യാപ്റ്റൻ ഡിവില്ലിയേഴ്സ് ഡൂപ്ലസിയുമൊത്ത് സ്കോർ വളരെ വേഗം ചലിപ്പിച്ചുകൊണ്ടിരുന്നപ്പോഴാണ്‌ മഴയുടെ വരവ്. പിന്നീട് ഓവറുകൾ വെട്ടിക്കുറച്ച ശേഷം മത്സരം വീണ്ടും തുടങ്ങിയപ്പോൾ സ്കോറിങ്ങിന് വേഗം കൂട്ടാനുള്ള ശ്രമത്തിൽ ഡൂപ്ലസി(82) പുറത്തായി. പിന്നീട് വന്ന മില്ലർ 18 പന്തിൽ 49 റണ്‍സ് നേടിയതാണ് ദക്ഷിണാഫ്രിക്കയെ 280 കടത്തിയത്. ഡിവില്ലിയേഴ്സ് 65 റണ്‍സുമായും(45 പന്തിൽ) ഡൂമിനി 8 റണ്‍സുമായും പുറത്താകാതെ നിന്നു.

കീവീസിന് വേണ്ടി ആൻഡേഴ്സണ്‍ മൂന്നും ബോൾട്ട് രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിങ്ങ് തുടങ്ങിയ കീവീസ് തുടക്കം മുതലേ അടിച്ചുകളിച്ചു. കീവീസ് 4.1 ഓവറിൽ 50 കടന്നു. ഒരു തീക്കാറ്റായി മാറിയ മക്കല്ലം 59(26 പന്ത്. 8 ഫോർ 4 സിക്സ്) പുറത്താകുമ്പോൾ ന്യൂസിലണ്ട് 6.1 ഓവറിൽ 71 റണ്‍സ്. രണ്ടാം വിക്കറ്റ് വീണത് വില്ല്യംസന്റെ(6) രൂപത്തിൽ. സ്കോർ 2 / 81. കീവീസ് 11.3 ഓവറിൽ 100 കടന്നു. 17.1 ഓവറിൽ 128 ൽ വെച്ച് ഗുപ്ടിൽ(34) പുറത്ത്. 149 ൽ റോസ് ടെയ്ലറും(30) വീണു. കീവീസ് ഒരു തകർച്ചയെ അഭിമുഖീകരിയ്ക്കുകയാണെന്നു പെട്ടെന്ന് തോന്നി.

പിന്നെ കണ്ടത് മാച്ച് കീവീസിന്റെ ഭാഗത്തേയ്ക്ക് തിരിച്ചുവിട്ട ഒരു ഉജ്ജ്വല കൂട്ടുകെട്ട്. ആൻഡേഴ്സണും എലിയട്ടും ചേർന്ന് അഞ്ചാം വിക്കറ്റിൽ 103 റണ്‍സ്. 58 റണ്‍സ് നേടിയ ആൻഡേഴ്സണ്‍ വീഴുമ്പോൾ സ്കോർ 37 ഓവറിൽ 5 / 252. ഇനി 6 ഓവറിൽ കീവീസിന് വേണ്ടത് 46 റണ്‍സ്. 40.1 ഓവറിൽ സ്കോർ 269 ൽ റോഞ്ചി(8) വീണു. എലിയട്ടിനു കൂട്ടായി പിന്നീട് വന്നത് വെട്ടോറി.

പിന്നീടുള്ള പന്തുകളിൽ മനസ്സാന്നിധ്യം വിടാതെ കളിച്ച ഇവർ കൂടുതൽ വിക്കറ്റ് നഷ്ടം കൂടാതെ ടീമിനെ വിജയതീരത്തെത്തിച്ചു. 41ആം ഓവറിൽ 6 റണ്‍സും 42ആം ഓവറിൽ 11 റണ്‍സും ഇവർ നേടി.

അവസാന ഓവർ. കീവീസിന് ജയിയ്ക്കാൻ വേണ്ടത് 12 റണ്‍സ്. ബൗളർ സ്ടെയിൻ. ആദ്യപന്തിൽ വെട്ടോറി ഒരു ബൈ ഓടിയെടുത്തു. രണ്ടാം പന്തിൽ എലിയട്ട് ഒരു റണ്ണും. മൂന്നാം പന്തിൽ വെട്ടോറി ഒരു ബൌണ്ടറി നേടി; നാലാം പന്തിൽ ഒരു റണ്ണും. ഇനി രണ്ടു പന്ത് ബാക്കി; വേണ്ടത് 5 റണ്‍സ്. സ്ടെയിനിന്റെ നിർണ്ണായകമായ അഞ്ചാം പന്ത്… അതിനെ ലോംഗ് ഓണിനു മുകളിലൂടെ സ്കിക്സറിനു പായിച്ച് ഗ്രാന്റ് എലിയട്ട് അസാധ്യമായത് നേടിയപ്പോൾ 45000 ൽ പരം കാണികൾ തിങ്ങിനിറഞ്ഞ ഈഡൻ പാർക്ക് പൊട്ടിത്തെറിച്ചു. കീവീസ് ആദ്യമായി ലോകകപ്പ് ഫൈനലിൽ. 73 പന്തിൽ 84 റണ്‍സ് നേടി പുറത്താകാതെ നിന്ന എലിയട്ട് കളിക്കളം നിറഞ്ഞാടി. വെട്ടോറി 7 റണ്‍സ് നേടി പുറത്താകാതെ നിന്നു.

പ്രോട്ടിയാസിനു വേണ്ടി മോർക്കൽ 3 വിക്കറ്റ് നേടി. സ്ടെയ്നും ഡൂമിനിയും ഓരോന്നും. ഗുപ്ടിൽ റണ്ണൌട്ട്. വിജയം മാത്രം ലക്ഷ്യമാക്കിക്കളിച്ച കിവികൾക്കു മുന്നിൽ ദക്ഷിണാഫ്രിക്കൻ ബൌളർമാർ അമ്പേ പരാജയപ്പെട്ടു. കുന്തമുനയായ ഡെയ്ൽ സ്ടെയിനെ മക്കല്ലം ശരിയ്ക്കും പെരുമാറി. സ്ടെയിന്റെ മൂന്നാം ഓവറിൽ മക്കല്ലം അടിച്ചത് 25 റണ്‍സ്. അഞ്ചാം ബൗളർ ഇല്ലാത്തതിനാൽ ഡൂമിനിയും ക്യാപ്ടൻ ഡിവില്ലിയേഴ്സുമാണു ആ കൃത്യം നിർവ്വഹിച്ചത്. പക്ഷേ അതും പാളി.

കീവീസിന്റെ ഫീൽഡിങ്ങ് ഉജ്ജ്വലമായപ്പോൾ ദക്ഷിണാഫ്രിക്കയുടേത് പാളിച്ചകൾ നിറഞ്ഞതായിരുന്നു. ദക്ഷിണാഫ്രിക്കയുടെ റൂസ്സൊവിനെ പുറത്താക്കാൻ ഒരുഗ്രൻ ഡൈവിംഗ് ക്യാച്ചാണ് ഗുപ്ടിൽ എടുത്തത്. മറുവശത്ത് വളരെ നിർണ്ണായകമായ ക്യാച്ചുകളും റണ്ണൗട്ടുകളും ദക്ഷിണാഫ്രിക്കക്കാർ വിട്ടുകളഞ്ഞു. 32ആം ഓവറിലെ മൂന്നാമത്തെ പന്തില്‍ കോറി ആന്‍ഡേഴ്‌സണെ പുറത്താക്കാനുള്ള സുവര്‍ണാവസരം ഡിവില്ലിയേഴ്സ് നഷ്ടമാക്കി. ഫീല്‍ഡില്‍ ഇന്ന് ദക്ഷിണാഫ്രിക്കക്ക് പറ്റിയ വലിയ തെറ്റ്… അപ്പോൾ കീവീസ് സ്കോർ 204.

പിന്നീട് 42-മത്തെ ഓവറിലെ അവസാന പന്തില്‍ എലിയട്ടിന്റെ ക്യാച്ച് ബെഹർദ്ദീനും ഡൂമിനിയും തമ്മിലുള്ള ധാരണപ്പിശകുമൂലം നഷ്ടമായി. കൂടാതെ സ്‌കോര്‍ ഉയര്‍ത്താന്‍ കീവീസ് ബാറ്റ്‌സ്മാന്‍മാര്‍ ഉയര്‍ത്തിയടിച്ച പല പന്തുകളും ഫീല്‍ഡര്‍മാര്‍ക്കിടയില്‍ വീണ് നഷ്ടമായി. ഫീൽഡിംഗ് വീരന്മാരായ പ്രോട്ടിയന്മാർക്ക് ഇന്ന് കൈകൾ ചോർന്നത് ഒരുപക്ഷേ വിധിയുടെ വിളയാട്ടം കൊണ്ടാവാം.

അതുപോലെ ദക്ഷിണാഫ്രിക്ക ഇന്ന് തോറ്റത് ഒരു ദക്ഷിണാഫ്രിക്കക്കാരന്റെ മുന്നിൽ – ഗ്രാന്റ് എലിയട്ടിന്റെ. ദക്ഷിണാഫ്രിക്കക്കാരനായ എലിയട്ട് ദക്ഷിണാഫ്രിക്കന്‍ ടീമില്‍ അവസരം കിട്ടാതെയാണ് 2001 ൽ ന്യൂസീലന്‍ഡിലേയ്ക്ക് കുടിയേറിയത്. പിന്നീട് കീവീസ് ടീമിലെത്തി. ഒടുവിലിന്ന് കീവീസ് ലോകകപ്പ് ഫൈനലിൽ എത്തിയത് എലിയട്ടിന്റെ മികവിൽ. തനിക്കവസരം നല്കാത്ത തന്റെ നാടിനോടുള്ള മധുരപ്രതികാരം കൂടിയാണ് എലിയട്ടിനിത്.

ഏതായാലും ഒരു ലോകകപ്പ് എന്ന സ്വപ്നം സഫലമാകാൻ ദക്ഷിണാഫ്രിക്കയ്ക്ക് ഇനിയും കാത്തിരിക്കേണ്ടി വരും. അത് ഇനിയെത്ര നീളുമെന്ന് ആർക്കുമറിഞ്ഞുകൂടാ.

ഒടുവിലിതാ വീണ്ടും ദുരന്തമേറ്റുവാങ്ങി കണ്ണീർമഴയത്ത് ഒരു ദക്ഷിണാഫ്രിക്കൻ മടക്കയാത്ര…

MOM : ഗ്രാന്റ് എലിയട്ട്

വാൽക്കഷണം : ദക്ഷിണാഫ്രിക്കന്‍ ടീമില്‍ അവസരം കിട്ടാതെയാണ് അന്നാട്ടുകാരനായ ഗ്രാന്റ് എലിയട്ട് 2001 ൽ ന്യൂസീലന്‍ഡിലേയ്ക്ക് വിട്ടത്. പിന്നെ അങ്ങോർ ന്യൂസിലണ്ട് ടീമംഗമായി. ഇപ്പോൾ ഇന്നിതാ അങ്ങോർ സ്വന്തം നാടിനെതിരെ നല്ല കളി കളിച്ച് 84 അടിച്ച് തനിയ്ക്ക് അവസരം തന്ന രാജ്യത്തോടുള്ള കൂറ് കാണിച്ചു. കളിയിലെ കേമനുമായി.

അപ്പോൾ ഇനി ഒരു ചോദ്യം. à´ˆ ഓസ്ട്രേലിയയിലും മറ്റും ഇതുപോലെ കുറേ ഗംഭീര കളിക്കാര് അവസരം കിട്ടാണ്ട്‌ ഇരിയ്ക്കുന്നുണ്ടാവില്ലേ? അവരെ ഇന്ത്യയിലേയ്ക്ക് ക്ഷണിച്ചുകൂടേ? ഐ പി എല്ലിൽ കളിയ്ക്കാനല്ല; ഇന്ത്യൻ ടീമിൽ കളിയ്ക്കാൻ. അങ്ങനെയെങ്കിലും ഇന്ത്യൻ ടീം ഇനി കളികൾ ജയിയ്ക്കുമല്ലോ. എപ്പടി?…