ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 41 : വെസ്റ്റ് ഇൻഡീസ് vs യു.à´Ž.à´‡.

ലോകകപ്പിൽ വീണ്ടും ഒരു വിൻഡീസ് വിജയഗാഥ. നേപ്പിയറിലെ മക്ലീൻ പാർക്കിൽ ഇന്നവർ അറേബ്യൻ മക്കളെ 6 വിക്കറ്റിനു തകർത്ത് ക്വാർട്ടറിൽ കടന്നു. എല്ലാ കളിയിലും പൊട്ടിയ അറേബ്യൻ മക്കൾ ലോകകപ്പിൽ നിന്നും പുറത്തായി.

ആദ്യം ബാറ്റ് ചെയ്ത യു.എ.ഇ വിൻഡീസ് പേസ് പടയ്ക്കു മുന്നിൽ 47.4 ഓവറിൽ 175 ന് പൊടിഭസ്മം. 36.2 ൽ താഴെ ഓവറുകളിൽ കളി ജയിച്ചാൽ മാത്രമേ തങ്ങൾ ക്വാർട്ടറിൽ കടക്കൂ എന്നതിനാൽ വിൻഡീസ് ജയിയ്ക്കാനാവശ്യമായ 176 റണ്‍സ് 30.3 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ അടിച്ചെടുത്തു.

ജയിച്ചേ തീരൂ എന്ന് തീരുമാനിച്ച വിൻഡീസ് ക്യാപ്ടൻ ഹോൾഡറും കൂട്ടാളികളും അറബിപ്പടയെ പിച്ചിച്ചീന്തി. 13.5 ഓവറിൽ യു.എ.ഇ 6 / 46. അംജദ് അലി 5, ബെരെൻഗേർ 7, കൃഷ്ണചന്ദ്രൻ 0, ഖുറം ഖാൻ 5, അൻവർ 2, പാട്ടീൽ 6 എന്നിവർ പുറത്ത്. അപ്പോൾ യു.എ.ഇ 100 ൽ താഴെ ഓൾ ഔട്ടാകുമെന്നു തോന്നി. പക്ഷേ ഏഴാം വിക്കറ്റിൽ 107 റണ്‍സ് ചേർത്ത ജാവേദും(56) അസീസും(60) അതൊഴിവാക്കി. പിന്നെ വന്ന നവീദ് 14-ഉം തോഖിർ 2-ഉം റണ്‍സ് നേടി. ഗുരുഗെ 4 റണ്‍സുമായി പുറത്താകാതെ നിന്നു.

10 ഓവറിൽ വെറും 27 റണ്‍ നല്കി 4 വിക്കറ്റ് വീഴ്ത്തിയ വിൻഡീസ് ക്യാപ്ടൻ ഹോൾഡർ തന്നെയാണ് അറബികളെ പൊളിച്ചത്. ടെയ്ലർ 3 വിക്കറ്റ് വീഴ്ത്തി. റസ്സലിനു രണ്ടും സാമുവൽസിന് ഒന്നും വിക്കറ്റ്. 6 അറബി മക്കൾ പുറത്തായത് കുറ്റി തെറിച്ചാണ്. 1979 ലെ വിൻഡീസ് – ഇംഗ്ളണ്ട് ഫൈനലിൽ 6 ഇംഗ്ലീശന്മാർ കുറ്റി തെറിച്ച് പുറത്തായതിനു ശേഷം ലോകകപ്പിൽ ഇങ്ങനെ സംഭവിയ്ക്കുന്നത് ആദ്യമായാണ്‌.

മറുപടി കൊട്ടിത്തുടങ്ങിയ വിൻഡ്യന്മാർ തുടക്കം മുതലേ അടിച്ചു കളിച്ചു. സ്കോർ 3.1 ഓവറിൽ 33 ആയപ്പോൾ സ്മിത്ത്(15) മടങ്ങി. 7.4 ഓവറിൽ 53 ൽ വെച്ച് സാമുവൽസും(9). പിന്നെ ചാൾസും കാർട്ടറും ചേർന്ന് നാലാം വിക്കറ്റിൽ 56 റണ്‍സടിച്ചു. സ്കോർ 109 -ൽ വെച്ച് ചാൾസ് (55) മടങ്ങി; 118 ൽ റസ്സലും(7).

പിന്നെ കാർട്ടറും(50*) രാംദിനും(33*) ചേർന്ന് കൂടുതൽ വിക്കറ്റ് പോവാതെ 30.3 ഓവറിൽ വിൻഡീസിനെ വിജയത്തിലേയ്ക്കും ക്വാർട്ടറിലേയ്ക്കും നയിച്ചു.

യു.എ.ഇ യ്ക്ക് വേണ്ടി ഗുരുഗെയും ജാവേദും 2 വിക്കറ്റ് വീതം വീഴ്ത്തിയത് മാത്രം മിച്ചം.

MOM : ജേസൻ ഹോൾഡർ

വാൽക്കഷണം : 1996 ൽ അറബി മക്കൾ ഒരു കളിയെങ്കിലും ജയിച്ചു (ഹോളണ്ടിനെതിരെ). ഇത്തവണ ഒന്നും നടന്നില്ല. എല്ലാം പൊട്ടി. ഇനിയെന്നാണോ ഉലകകപ്പിൽ കളിയ്ക്കുക? കണ്ടറിയണം.

എന്തായാലും നമ്മുടെ കൊച്ചുകേരളത്തിന് ഇന്നിപ്പം ലോകകപ്പില് ബല്ല്യ പേരായി. ഈ ലോകകപ്പിൽ നമ്മുടെ സ്വന്തം പാലക്കാടൻ കൊല്ലങ്കോടൻ കൃഷ്ണചന്ദ്രന് ചന്ദ്രബിംബ സമാനമായ 3 ബല്ല്യ ആനമുട്ടകളാണത്രേ കിട്ടിയത്. ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ മുട്ടകൾ വാങ്ങിയത് ഓനാണത്രേ. പാവം മുട്ടക്കൂടോത്രത്തിന്റെ ഒരു പവറേ. ഇനീം കളി ബാക്കീണ്ടല്ലോ. ഓനെ കടന്നാരെങ്കിലും കൂടുതൽ മുട്ട ബാങ്ങിക്കോട്ടേ.

നമ്മുടെ കൊല്ലങ്ങോടാൻ ബടേം കായബജ്ജീം മുട്ടബജ്ജീം പെരുത്ത പേരുള്ളതാണല്ലോ. കൊറച്ചീസായി കൊല്ലങ്ങോട്ട് മുട്ടയ്ക്ക് നല്ല ഷാമാണ്. ഓൻ കൊണ്ട് ബരണ ആ മുട്ടകള് കൊണ്ട് ഞമ്മക്ക് നല്ല ബല്ല്യ മുട്ടബജ്ജീണ്ടാക്കാം.എങ്ങനിണ്ട് ഞമ്മടെ ഫുത്തി?