ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 38 : ഇംഗ്ളണ്ട് vs അഫ്‌ഗാനിസ്ഥാൻ

ഒടുവിൽ ഇംഗ്ളണ്ടിന് ഒരാശ്വാസ ജയം. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ അവർ 9 വിക്കറ്റിന് അഫ്ഗാൻകാരെ തകർത്തു. മഴമൂലം വെട്ടിച്ചുരുക്കിയ മത്സരത്തിൽ D / L മെത്തേഡ് പ്രകാരം ഓവറുകൾ പുനർനിർണ്ണയിച്ചാണ് കളി നടന്നത്.

ആദ്യം ബാറ്റ് ചെയ്ത മാമനാടന്മാർ 36.2 ഓവറിൽ 7 ന് 111 എന്ന നിലയിൽ നിൽക്കുമ്പോഴാണ് ശക്തമായ മഴയെത്തുടർന്ന് മത്സരം വെട്ടിച്ചുരുക്കിയത്. D / L മെത്തേഡ് പ്രകാരം ഇംഗ്ളണ്ടിന്റെ വിജയലക്ഷ്യം 25 ഓവറിൽ 101 ആയി പുനർനിശ്ചയിച്ചു. ഇംഗ്ളണ്ട് 18.1 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്‌ഷ്യം കണ്ടു.

ഇംഗ്ളണ്ടിന്റെ ടൈറ്റ് ബൌളിങ്ങിനു മുന്നിൽ മാമാനാടന്മാർക്ക് പിടിച്ചുനിൽക്കാനായില്ല. അഹമദി 7, മംഗൽ 4, സസായ് 6, ഷെൻവാരി 7 എന്നിവർ രണ്ടക്കം കാണാതെ മടങ്ങി. 30 റണ്ണെടുത്ത ഷഫീഖുള്ളയാണു ടോപ്‌ സ്കോറർ. ജമാൽ 17, നബി 16, നജീബ് സദ്രാൻ 12*.

ഇംഗ്ളണ്ടിനു വേണ്ടി ബൊപാരയും ജോർഡാനും രണ്ടു വീതവും ആൻഡേഴ്സണും ബ്രോഡും ട്രെഡ് വെല്ലും ഓരോന്നു വീതവും വിക്കറ്റുകൾ വീഴ്ത്തി.

പിന്നീട് കൊട്ടിത്തുടങ്ങിയ ഇംഗ്ലീശന്മാർക്കുവേണ്ടി ഹെയ്ൽസ് 37 റണ്ണടിച്ചു പുറത്തായി. ബെല്ലും (52*) ടെയ്ലറും(8*) കൂടുതൽ വിക്കറ്റ് പോവാതെ ഇംഗ്ളണ്ടിനെ വിജയത്തിലെത്തിച്ചു.

വീണ ഏക വിക്കറ്റ് ഹമീദ് ഹസ്സന് കിട്ടി.

MOM : ക്രിസ് ജോർഡാൻ

വാല്ക്കഷണം : കൊട്ടിക്കളി കണ്ടെത്തിയ ഇംഗ്ലീശന്മാരുടെ ഉലകകപ്പിലെ കഷ്ടകാലം തുടരുന്നു. ക്രിക്കറ്റ് ജ്യോത്സ്യർ ശ്രീ കണ്ഠരര് വ്യാസരര് പറഞ്ഞപോലെ ഇത്തവണയും കപ്പ്‌ നഹീ നഹീ നഹീ… ഇനി 2019 ൽ ഒന്നു നോക്കിക്കോളൂ. അതുവരെ നന്നായിട്ടങ്ങട് ശ്രമിച്ചോളൂ. ഇത്രേ പറയാനുള്ളൂ.

ഇനി മാമാനാടന്മാരുടെ കാര്യം. ശകുനിമാമാശ്രീയുടെ അനുഗൃഹ കൃപാ കടാക്ഷങ്ങൾ എല്ലാം കിട്ടിയിട്ടും അവരും ഉലകകപ്പിനു പുറത്ത്. ഇനി തിരിച്ചു ചെന്ന് മാമാശ്രീയുടെ നേതൃത്വത്തിൽ ഗാന്ധാര ദേശത്ത് ഒരു പകിടകളി ലോകകപ്പ് നടത്താൻ പോകുകയാണത്രേ അവർ. അത് എന്തായാലും അവർ തന്നെ ജയിയ്ക്കും. മാമാനുണ്ടല്ലോ കൂടെ. പകിട പകിട പന്ത്രണ്ടേയ്…