ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 28 : ഇന്ത്യ vs വെസ്റ്റ് ഇൻഡീസ്

വാക്കയിൽ വീണ്ടുമൊരു ഇന്ത്യൻ വിജയഗാഥ… ഇന്ത്യൻ ബൌളർമാർക്കു മുന്നിൽ മുട്ട് മടക്കി വെസ്റ്റ് ഇൻഡീസ് … പരാജയത്തിലേക്ക് വീഴാൻ തുടങ്ങിയ ഇന്ത്യയെ വിജയതീരമണച്ച് വീണ്ടും ക്യാപ്റ്റൻ കൂൾ…

ലോകത്തെ ഏറ്റവും വേഗമേറിയ പിച്ചായ വാക്കയിൽ ഇന്ന് നടന്ന വാശിയേറിയ മത്സരത്തിൽ വെസ്റ്റ്‌ ഇന്ത്യന്മാരെ ഈസ്റ്റ് ഇന്ത്യന്മാർ 4 വിക്കറ്റിനു തകർത്തു.

സ്കോർ വിൻഡീസ് 44.2 ഓവറിൽ 182 ന് ഓൾ ഔട്ട്‌. ഇന്ത്യ 39.1 ഓവറിൽ 6 / 185.

ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് ഇന്ത്യയുടെ കണിശമായ ബൌളിങ്ങിനു മുന്നിൽ ചൂളിപ്പോയി. ഗെയ്ലും സാമുവൽസും അടങ്ങുന്ന ബാറ്റിങ്ങ് നിര മിന്നൽ വേഗത്തിൽ തകർന്നു വീണു. ഒരു ഘട്ടത്തിൽ അവർ 9.1 ഓവറിൽ 4 / 35 എന്ന നിലയിലായിരുന്നു. സ്മിത്തും(6) ഗെയ്ലും(21) സാമുവൽസും(2) രാംദിനും(0) പുറത്ത്. പിന്നീട് സിമ്മണ്‍സും(9) കാർട്ടറും(21) റസ്സലും(8) കൂടി വീഴുമ്പോൾ സ്കോർ 7 / 85.

Holder

പിന്നീട് ശേഷിച്ച മൂന്ന് വിക്കറ്റിൽ സാമിയും(26) ഹോൾഡറും(57) ടെയ്ലറും(11) ചേർന്നുള്ള വാലറ്റത്തിന്റെ രക്ഷാപ്രവർത്തനം മൂലമാണ് വിൻഡീസിനെ 182 ൽ എത്തിച്ചത്. 4 ക്യാച്ച് വിട്ടുകളഞ്ഞ ഇന്ത്യൻ ഫീൽഡർമാരുടെ ‘വൻ സഹായം’ വിൻഡീസിനെ ഒരു തരത്തിൽ സഹായിച്ചു.

Shami

 

 

 

 

 

ഇന്ത്യയ്ക്ക് വേണ്ടി ഷാമി മൂന്നും യാദവും ജഡേജയും 2 വീതവും അശ്വിനും മോഹിതും 1 വീതവും വിക്കറ്റ് വീഴ്ത്തി. സാമുവൽസ് റണ്ണൗട്ടായി.

മറുപടി ബാറ്റിങ്ങിനിറങ്ങിയപ്പോൾ വെറും വെറും 20 റണ്‍സ് തികയും മുമ്പ് സര്മ്മയും(7) ധവാനും(9) പുറത്ത്. പിന്നെ കോഹ്ലിയുടെ ഒരു ചുള്ളൻ ഇന്നിങ്ങ്സ്. ഇന്ത്യ 63 ൽ എത്തിയതും കോഹ്ലി(33) വീണു; 78 ൽ രഹാനെയും(14). ഇപ്പോൾ ഇന്ത്യയ്ക്കായി സമ്മർദ്ദം.

Dhoni

 

Kohli

 

വേഗം റണ്ണടിച്ച റെയ്ന(22) ഇന്ത്യ 107 ൽ എത്തിയപ്പോൾ പുറത്ത്. വിൻഡീസ് കളി മുറുക്കിത്തുടങ്ങി. പിന്നെ ക്യാപ്റ്റൻ കൂളും ജഡേജയും രക്ഷാപ്രവർത്തനം തുടങ്ങി. വീണ്ടും സ്കോർബോർഡ് ചലിച്ചു തുടങ്ങി. പക്ഷേ 134 എത്തിയപ്പോൾ ജഡേജയും (13) മടങ്ങി. പിന്നൊരു ചിരപരിചിതമായ ഇന്ത്യൻ ‘ഘോഷയാത്രാ രോഗമാണ് ‘ എല്ലാവരും മനസ്സിൽ കണ്ടത്. പക്ഷേ അത് നടന്നില്ല. പിന്നെ വന്ന അച്ചുവിനെ (16*) കൂട്ടുപിടിച്ച് à´ˆ ലോകകപ്പിൽ ആദ്യമായി ഫോമിലായ നമ്മുടെ ക്യാപ്റ്റൻ കൂൾ ധോണി (45*) കൂടുതൽ വിക്കറ്റ് പോവാതെ 39.1 ഓവറിൽ ഇന്ത്യയെ വിജയതീരത്തെത്തിച്ചു.

വിൻഡീസിനു വേണ്ടി ടെയ്ലറും റസ്സലും രണ്ട് വീതവും റോച്ചും സ്മിത്തും ഓരോന്നും വിക്കറ്റുകൾ വീഴ്ത്തി.

MOM : മുഹമ്മദ്‌ ഷാമി

ഇന്ത്യയുടേയും വിൻഡീസിന്റേയും ശക്തികളേക്കാൾ ദൌർബ്ബല്ല്യങ്ങൾ പുറത്തു വന്ന ഒരു മാച്ചായിരുന്നു ഇത്. ഓസീസിന്റെയോ സൗത്ത് അഫ്രിക്കയുടേയൊ ഏഴയലത്തെത്താത്ത ഇന്ത്യയുടെ ബൌളിംഗ് നിരയുടെ മുന്നിലാണ് വിൻഡീസ് തകർന്നത്. അതിന് അവരുടെ ബാറ്റ്സ്മാന്മാരെ പറഞ്ഞേ പറ്റൂ. അതുപോലെ വാലറ്റത്തെ പുറത്താക്കാൻ ഇന്ത്യ കാണിക്കുന്ന ദൌർബ്ബല്യം ഇന്ന് വീണ്ടും കണ്ടു. ഒരു ഘട്ടത്തിൽ 7 / 85 എന്ന നിലയിൽ നിന്നാണ് വിൻഡീസ് 182 ന് പുറത്തായത്. ഇവിടെയാണ് നാം വാലറ്റത്തെ ഒരു പ്രത്യേക രസത്തോടെ പിച്ചിച്ചീന്തി തകർത്തെറിയുന്ന അക്രമിനെയോ വഖാറിനെയോ ബ്രെറ്റ് ലീയെയോ പോലുള്ള ബൌളറുടെ ആവശ്യത്തെപ്പറ്റി ബോധാവാന്മാരാകുന്നത്.

അതുപോലെ വിൻഡീസ് ബൌളിംഗ് നിര കരുത്തുള്ളതാണെങ്കിലും അവരുടെ ആ പഴയ പ്രതാപകാലത്തെ ഉഗ്രതയും ശൗര്യവും അതിനില്ല. എന്നിട്ടും പേരുകേട്ട ഇന്ത്യൻ ബാറ്റിങ്ങ് നിര അതിനു മുന്നിൽ പതറി. ഒരവസരത്തിൽ ഇന്ത്യ 6 / 134 എന്ന നിലയിലായിരുന്നു.
ക്യാപ്റ്റൻ കൂളിന് കൂട്ടായി വാലറ്റം മാത്രം. നമ്മുടെ വാലറ്റം പിന്നെ ദേ വന്ന് ദാ പോകുന്നവരും. ധോണി കൂടി പോയെങ്കിൽ കളി എന്താകുമായിരുന്നു?…

4 ക്യാച്ചുകളാണ് ഇന്ത്യൻ ഫീൽഡർമാർ വിട്ടത്. അതിൽ രണ്ടെണ്ണം ഇത്തിരി വിഷമം പിടിച്ചതായിരുന്നു. പക്ഷേ കൈയ്യിൽ കിട്ടിയ 2 ഈസി ക്യാച്ചുകൾ നിലത്തിടുന്നതിനെ എന്ത് പറയും? ഇനി എന്നാണോ ഇന്ത്യ ഓസീസിനേയും മറ്റും പോലെ ഫീൽഡ് ചെയ്യുന്നത് കാണാൻ നമുക്ക് ഭാഗ്യം ഉണ്ടാവുക? അറിഞ്ഞുകൂടാ.

വാൽക്കഷണം : ഇന്ന് വിൻഡീസിന്റെ രാംദിൻ നേടിയ മുട്ട à´ˆ ഇന്ത ഉലകകപ്പിലെ മുട്ട നമ്പർ 51. മിനിഞ്ഞാന്നു ഓസീസും അഫ്‌ഗാൻകാരും തമ്മിൽ നടന്ന മാച്ചിൽ മാമനാട്ടെ ദൌലത് സദ്രാൻ വാങ്ങിയതാണ് 50-ആം മുട്ട. എന്തായാലും ഓരോ മാച്ച് കഴിയുംതോറും കൂടോത്രത്തിന്റെ ശക്തി കൂടുകയാണ്. അടിവീരന്മാരേ മര്യാദയ്ക്ക് കളിച്ചോളൂ…