ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 27 : ബംഗ്ളാദേശ്‌ vs സ്കോട്ട് ലന്റ്

വംഗ ദേശ ഭൂപതികൾ സ്കോട്ടന്മാരെ തകർത്തു. നെൽസനിലെ സാക്സ്ടൻ ഓവലിൽ ഇന്ന് നടന്ന മാച്ചിൽ ബംഗ്ളാദേശ്‌ സ്കോട്ട്ലന്റിനെ 6 വിക്കറ്റിനു തോല്പ്പിച്ചു.

ആദ്യം ബാറ്റ് ചെയ്ത സ്കോട്ട്ലന്റ് 50 ഓവറിൽ 8 / 318. വംഗന്മാർ 48.1 ഓവറിൽ 4 / 322.

ആദ്യം ബാറ്റ് ചെയ്ത സ്കോട്ട്ലന്റിനു വേണ്ടി ഓപ്പണർ കൊയെറ്റ്സർ വീരോചിതമായ സെഞ്ച്വറി നേടി. 134 പന്തിൽ 17 ഫോറും 4 സിക്സും വർഷിച്ച് കൊയെറ്റ്സർ 156 റണ്‍സെടുത്തു. മറ്റു പ്രധാന സ്കോറർമാർ മാച്ചൻ 35, മൊംസെൻ 39, ബെറിങ്ങ്റ്റണ്‍ 26, ക്രോസ് 20, ഗാർഡിനെർ 19, മാക് ലിയോഡ് 11 എന്നിവരായിരുന്നു.

വംഗന്മാർക്കു വേണ്ടി ടാസ്കിൻ അഹമ്മദ്‌ 3 വിക്കറ്റ് വീഴ്ത്തി. നാസർ ഹുസൈൻ രണ്ടും മൊർതാസയും ഷാകിബും റഹ്മാനും ഓരോന്നു വീതവും വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ വംഗന്മാർക്ക് ഓപ്പണർ സർക്കാരിനെ(2) വേഗം നഷ്ടപ്പെട്ടു. ഇത് സ്കോട്ടന്മാർക്കു പ്രതീക്ഷ നൽകിയെങ്കിലും അസ്സലായി ബാറ്റ് ചെയ്ത തമിം ഇഖ്‌ബാലും (95), മഹമ്മദുല്ലയും(62), റഹീമും(60), ഷാക്കിബ്ബും(52*), റഹ്മാനും(42*) ആ പ്രതീക്ഷകളെ തല്ലിക്കെടുത്തി. ഒടുവിൽ 11 പന്ത് ബാക്കി നിൽക്കെ വംഗന്മാർ വിജയതീരമണഞ്ഞു.

സ്കോട്ടൻമാർക്കു വേണ്ടി ഡേവി രണ്ടും വാർഡ്‌ലോയും ഇവാൻസും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ലോകകപ്പിൽ ഒരു അസ്സോസിയേറ്റ് രാജ്യത്തിന്റെ കളിക്കാരൻ നേടുന്ന ഉയർന്ന സ്കോറാണ് കൊയെറ്റ്സർ നേടിയത്. പക്ഷേ ടീം തോൽക്കുന്നത് കാണേണ്ടി വന്നു. അതുപോലെ ലോകകപ്പിൽ ഒരു ബംഗ്ളാദേശ്‌ കളിക്കാരന്റെ ഉയർന്ന സ്കോറാണ് ഇഖ്‌ബാൽ നേടിയത്.

ചെറുമീനുകൾ തമ്മിൽ നടന്ന കളിയാണെങ്കിലും സംഗതി കസറി. പക്ഷേ ഈ നിലവാരം എപ്പോഴും വേണമെന്ന് മാത്രം.

MOM : കയ്ൽ കൊയെറ്റ്സർ

വാൽക്കഷണം : മുട്ടക്കൂടോത്രം ബാധിക്കാത്ത അപൂർവം ചില കളികളിലൊന്ന് . കർത്താവും പടച്ചോനും കാത്തു.