ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 23 : പാകിസ്ഥാൻ vs സിംബാബ്‌വേ

രണ്ട് കുട്ടികളുള്ള ഒരു ക്ളാസ്സിൽ ടീച്ചർ ടെസ്റ്റ്‌ പേപ്പറിട്ടു. 50 ലാണ് മാർക്ക്. ഒരുത്തൻ മാത്രം പരീക്ഷയെഴുതി. അവനു 5 മാർക്ക്. വരാത്തവൻ അടുത്ത ദിവസം വന്നപ്പോൾ ടീച്ചർ അവനെക്കൊണ്ടും അതേ പരീക്ഷ എഴുതിച്ചു. അവനു കിട്ടിയത് ആനമുട്ട. 0 മാർക്ക്. 5 മാർക്ക് കിട്ടിയവൻ ക്ളാസ്സിൽ ഫസ്റ്റ്. അവന് ടീച്ചർ മിഠായി സമ്മാനം കൊടുത്തു.

ഇന്നത്തെ പാകിസ്ഥാൻ vs സിംബാബ്‌വേ മാച്ച് കണ്ടപ്പോൾ ഇതാണ് തോന്നിയത്. പാകിസ്ഥാൻ മോശമായി കളിച്ചിട്ടും ജയിച്ചു. കാരണം സിംബന്മാർ അതിനേക്കാൾ മോശമായി കളിച്ചതു കൊണ്ട് മാത്രം.

ആദ്യം ബാറ്റ് ചെയ്ത പാക്കുകൾ 50 ഓവറിൽ 7 / 235. ഹാരിസ് സൊഹൈൽ 24, മിസ്‌ബ 73, ഉമര് അക്മൽ 33, മഖ്‌സൂദ് 21, വഹാബ് റിയാസ് 54* തുടങ്ങിയവരാണ് തരക്കേടില്ലാതെ സ്കോർ ചെയ്തത്. ജംഷെദ് 1, സൊഹൈൽ ഖാൻ 6*. ഷെഹ്സാദും അഫ്രിഡിയും മുട്ട വാങ്ങിയാണ് പുറത്തായത്. തന്റെ 35-ആം പിറന്നാൾ അഫ്രിഡി ആഘോഷിച്ചത് ഒന്നാന്തരം ആനമൊട്ട വാങ്ങി തിന്നാണ്.

ആദ്യ പവർപ്ളെയിൽ (ആദ്യ 10 ഓവറുകൾ) പാക്കുകൾ അടിച്ചത് വെറും 10 റണ്‍സ്. 50 കടന്നത് 18.4 ഓവറിൽ. 100 എത്തിയത് 28.2 ഓവറിലും. 37.5 ഓവറിൽ 150-ഉം 46 ഓവറിൽ 200-ഉം കടന്നു. 38.5 ഓവറിൽ 6/155 എന്നാ നിലയിൽ പരുങ്ങിയ പാക്കുകളെ 200 കടത്തിയത് മിസ്ബയും വഹാബും കൂടിയാണ്.

സിംബന്മാർക്ക് വേണ്ടി ചതര മൂന്നും വില്യംസ് രണ്ടും മുപ്പാരിവയും റാസയും ഓരോന്നും വിക്കറ്റുകൾ വീഴ്ത്തി.

ഇനി സിംബന്മാരുടെ ബാറ്റിംഗ്. കഴിഞ്ഞ മൂന്നു മാച്ചുകളിലെ തങ്ങളുടെ ബാറ്റിംഗ് മികവിന്റെ ഏഴയലത്തുപോലും ഇന്നവർ വന്നില്ല. എന്നാൽ ചിലപ്പോൾ വിജയസാദ്ധ്യത ഉള്ളതായി തോന്നിച്ചിരുന്നുതാനും. അങ്ങനെയുള്ള നിലയിൽ അവർ തോറ്റത് വളരെ നിരുത്തരവാദപരമായി കളിച്ചതു കൊണ്ടു മാത്രമാണ്. പാക് ബൌളിങ്ങിനെ മോശം പറയുകയല്ല.

സിംബന്മാർ ആദ്യ 10 ഓവറിൽ 28. 15.4 ഓവറിൽ 50. 24.1 ഓവറിൽ 100. 33 ഓവറിൽ 4/150. പിന്നെ വേണ്ടത് 17 ഓവറിൽ 86 റണ്‍സ്.
പിന്നെ ഒരു കൂട്ടത്തകർച്ച.ഒടുവിൽ സിംബന്മാർ 49.4 ഓവറിൽ 215 ന് എല്ലാവരും പുറത്ത്. പാക്കുകൾക്ക് 20 റണ്‍ ജയം.

സിംബന്മാരുടെ പ്രധാന സ്കോറർമാർ മസകഡ്സ 29, ടെയ്ലർ 50, വില്യംസ് 33, എർവിൻ 14, ചിഗുമ്പുര 35, പന്ന്യന്ഗാര 10 എന്നിവർ. ചിബാബ 9-ഉം രാസ 8-ഉം റണ്‍സെടുത്തപ്പോൾ മുപ്പാരിവ പൂജ്യനായി.

പാക്കുകൾക്കു വേണ്ടി ഇർഫാനും വഹാബും 4 വിക്കറ്റ് വീതം വീഴ്ത്തി. രഹത് അലിയ്ക്ക് ഒന്നും. പന്ന്യന്ഗാര റണ്ണൗട്ടായി. പാക് കീപ്പർ ഉമർ അക്മൽ 5 ക്യാച്ചെടുത്തു. അങ്ങനെ സിംബന്മാർ വീണ്ടും തോറ്റമ്പി. പാക്കുകൾക്ക് ആദ്യ ജയം.

MOM : വഹാബ് റിയാസ്.

വാൽക്കഷണം : പാവം നമ്മുടെ അഫ്രിഡി. സിംബന്മാരെ അടിച്ചൊതുക്കി പിറന്നാൾ ആഘോഷിക്കാനിറങ്ങിയതാ. നടന്നില്ല. ഒരാനമുട്ടയും പിറന്നാൾ സമ്മാനമായി വാങ്ങി ആശാൻ മടങ്ങി. അങ്ങനെ മുട്ടക്കൂടോത്രം അഫ്രിഡിയേയും പിടി കൂടി.

à´ˆ മാച്ചിലെ 3 മുട്ടകളടക്കം ഇതുവരെ പന്തടിവീരന്മാർ മുട്ടക്കൂടോത്രം കാരണം ഇട്ടത് 45 മുട്ടകൾ. ഇത്തവണ ഉലകകപ്പിൽ 100 മുട്ടകൾ തികയ്ക്കുമെന്നാരോ പ്രവചിച്ചിട്ടുണ്ടത്രേ. ഫൈനൽ നടക്കുന്നത് മാർച്ച്‌ 29 നും.അതുവരെ ഇനിയും ഉണ്ടല്ലോ കളികൾ !!!…