ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 20 : ന്യൂസിലന്റ് vs ഓസ്ട്രേലിയ

ഓക്ലന്റിൽ ഓസ്ട്രേലിയൻ കംഗാരുക്കുട്ടികളെ വേട്ടയാടിക്കൊണ്ട് ന്യൂസിലന്റിന്റെ ബ്ളാക്ക് ക്യാപ്പ് കിവികൾ… ലോകകപ്പിലെ മാച്ച് നമ്പർ 20 ൽ ഓസ്ട്രേലിയയെ ഒരു ത്രില്ലറിൽ ഒരു വിക്കറ്റിനു കീഴടക്കിയ ന്യൂസിലന്റ് ലോകകപ്പിൽ മേധാവിത്വം തുടരുന്നു… കീവീസിന് തുടർച്ചയായ നാലാം ജയം. ക്വാർട്ടർ ഫൈനലിൽ സ്ഥാനം…

ആദ്യം ബാറ്റ് ചെയ്ത ഓസീസ് , ഫിഞ്ചും(14) വാർണറും(34) വാട്സനും(23) നല്കിയ മികച്ച തുടക്കത്തിനു ശേഷം അവിശ്വസനീയമായ തകർച്ചയെ നേരിട്ട് 32.2 ഓവറിൽ 151 ന് പുറത്തായി. 5 വിക്കറ്റ് വീഴ്ത്തിയ ട്രെന്റ് ബോൾട്ട് കംഗാരുക്കളുടെ സെൻട്രൽ ബോൾട്ട് പൊട്ടിച്ചു. ക്ളാർക്ക് 12, സ്മിത്ത് 4, മാക്സ് വെൽ 1, ജോണ്‍സണ്‍ 1, കമ്മിൻസ് 7* എന്നിവർ സ്കോർ ചെയ്തു. മാർഷും സ്റ്റാർക്കും മുട്ട വാങ്ങി തിരിച്ചെത്തി. 43 റണ്‍സ് നേടിയ ഹാഡിൻ ടോപ്‌ സ്കോറർ.12 എക്സ്ട്രാസ്. ഓസീസ് തീർന്നു.

ബോൾട്ടിനെ കൂടാതെ കീവീസിന് വേണ്ടി സൌത്തിയും വെട്ടോറിയും 2 വിക്കറ്റ് വീതം വീഴ്ത്തി. ഒരെണ്ണം കോറിയ്ക്കും.

ഒരു ഘട്ടത്തിൽ 1 / 80 എന്ന നിലയിൽ നിന്ന് ഓസീസ് 9 / 106 എന്ന നിലയിലേയ്ക്ക് തകർന്നു വീണു. അവസാന വിക്കറ്റിൽ ഹാഡിനും കമ്മിൻസും ചേർന്നുള്ള 45 റണ്‍സ് കൂട്ടുകെട്ടില്ലായിരുന്നെങ്കിൽ കംഗാരുക്കളുടെ കഥ ഇതിലും ദയനീയമായേനേ.

പിന്നെ കീവീസിന്റെ തുടക്കം കണ്ടപ്പോൾ അവർ കളി 15 ഓവറിൽ തീർക്കുമെന്ന് കരുതി. പ്രത്യേകിച്ചും മക്കല്ലത്തിന്റെ വെടിക്കെട്ട് കണ്ടപ്പോൾ. ആ കളിഭ്രാന്തൻ 21 പന്തിൽ 50 അടിച്ചു. 54 ആം പന്തിൽ പുറത്തായി. ഗപ്ടിൽ 14. മക്കല്ലം പോകുമ്പോൾ സ്കോർ 2 / 78. 79 ൽ ടെയ്ലരും(1) എലിയട്ടും(പൊന്മുട്ടയിട്ടു) വീണു. പിന്നെ 26 റണ്‍സെടുത്ത കോറി സ്കോർ 131 ൽ പുറത്ത്. പിന്നെ വീണത് റോഞ്ചിയും(6) വെട്ടോറിയും(2). സ്കോർ 146 ൽ വെച്ച് മിൽനെയും സൌത്തിയും പൂജ്യന്മാരായി.

ഒരു വിക്കറ്റ് ബാക്കി. കീവീസിന് ജയിയ്ക്കാൻ വേണ്ടത് 6 റണ്‍സ്. കമ്മിൻസിന്റെ ഏഴാം ഓവറിലെ ഒന്നാം പന്ത് സിക്സറിനു പൂശി വില്ല്യംസണ്‍ കളി കീവീസിന് കൊടുത്തു.

സുഖകരമായി പാഞ്ഞിരുന്ന കിവികളെ തകർത്തത് മിച്ചൽ സ്റ്റാർക്കായിരുന്നു. 6 കിവികളെ അരിഞ്ഞു വീഴ്ത്തി ഓസീസിനെ മത്സരത്തിലേയ്ക്ക് സ്റ്റാർക്ക് തിരിച്ചെത്തിച്ചു. അവസാനം ഓസീസ് ജയിച്ചുവെന്നു വരെ തോന്നി. കമ്മിൻസ് രണ്ടും മാക്സ് വെൽ ഒന്നും വിക്കറ്റുകൾ വീഴ്ത്തി.

കീവീസിന്റെ അമിതവിശ്വാസം അവർക്കു വിനയായേനേ. എന്തോ വില്ല്യംസണ്‍ പിടിച്ചു നിന്നതുകൊണ്ട് അവർ തടിയൂരി…

MOM : ട്രെന്റ് ബോൾട്ട്

വാൽക്കഷണം : ആസാമി കണ്ഠരര് വ്യാസരരുടെ മുട്ടമ്മേൽ കൂടോത്രം ഗംഭീരമാകുന്നു. ഇന്ത ഉലകകപ്പിൽ ഇന്നത്തെ à´ˆ കളിയിലടക്കം (à´ˆ കളിയിൽ അഞ്ചെണ്ണം – രണ്ടെണ്ണം കംഗാരൂസിനും മൂന്നെണ്ണം കീവീസിനും.) 42 പേര് ഇപ്പോൾത്തന്നെ മുട്ടയിട്ടു കഴിഞ്ഞു. അതിൽ 19 പേരും പൊന്മുട്ടയിട്ടു. വെസ്റ്റ് ഇൻഡീസിന്റെ ബ്രാവോ അയർലന്റുമായുള്ള കളിയിൽ ഒരു പന്തും നേരിടാതെ പൂജ്യനായി റണ്ണൗട്ടായി. അതാണ്‌ ഏക രത്നമുട്ട. പോരേ?… എന്തായാലും ആസാമിയ്ക്ക് ഇപ്പോൾ ഡിമാന്റ് റൊമ്പ ജാസ്തി…