Special Marriage Act 1954

ഇന്ത്യയിലെ പൗരര്‍ക്കും പ്രവാസികള്‍ക്കും ജാതിയോ മതമോ ഭാഷയോ ആചാരങ്ങളോ തടസ്സമാകാതെ നിയമപരമായി വിവാഹിതരാകാനുള്ള നിയമമാണ് സ്പെഷ്യല്‍ മാര്യേജ് ആക്റ്റ് 1954. ഇന്ത്യന്‍ പൗരത്വം ഇല്ലാത്ത രണ്ടു വിദേശികള്‍ക്കും ഇന്ത്യയില്‍ വച്ച് ഈ നിയമപ്രകാരം വിവാഹിതരാകാവുന്നതാണ്.

ആര്‍ക്കൊക്കെ ഈ നിയമപ്രകാരം വിവാഹിതരാകാം?

21 വയസ്സു കഴിഞ്ഞ പുരുഷനും 18 വയസ്സു കഴിഞ്ഞ സ്ത്രീക്കും ഈ നിയമപ്രകാരം വിവാഹിതരാകാന്‍ കഴിയും. ഇരു കക്ഷികളും അവിവാഹിതരോ വിവാഹമോചനം നേടിയവരോ പങ്കാളി മരണപ്പെട്ടവരോ ആയിരിക്കണം. കൂടാതെ നിരോധിതബന്ധത്തിന്റെ പരിധിയില്‍ പെടുന്നവരും ആയിരിക്കരുത്. വിവാഹജീവിതത്തിനു കഴിയാത്ത തരത്തിലുള്ള മാനസികരോഗികളും ആകരുത്.

എന്താണ് വിവാഹത്തിനുള്ള നടപടിക്രമങ്ങള്‍?

സ്പെഷ്യല്‍ മാര്യേജ് ആക്റ്റ് അനുസരിച്ച് വിവാഹിതരാകാന്‍ ഉദ്ദേശിക്കുന്ന ഇരുകക്ഷികളും നിര്‍ദ്ദിഷ്ട അപേക്ഷാഫോമില്‍ വിവാഹരജിസ്ട്രാര്‍ മുമ്പാകെ അപേക്ഷ നല്‍കേണ്ടതാണ്. ഏതെങ്കിലും ഒരു കക്ഷി സ്ഥിരമായി താമസിക്കുന്ന സ്ഥലത്തെ വിവാഹആഫീസര്‍ക്കു മുമ്പാകെ വേണം അപേക്ഷ നല്‍കേണ്ടത്. പ്രായം, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് അപേക്ഷയോടൊപ്പം വയ്ക്കേണ്ടതാണ്. അപേക്ഷ സ്വീകരിച്ച് രജിസ്ട്രാര്‍ നല്‍കുന്ന രശീത് സൂക്ഷിച്ചു വയ്ക്കുന്നത് നന്നായിരിക്കും.
ഇരുകക്ഷികളുടെയും താമസസ്ഥലത്തെ രജിസ്ട്രര്‍ ഓഫീസില്‍ അപേക്ഷയുടെ പകര്‍പ്പ് നോട്ടീസ്ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുന്നതായിരിക്കും.

ആര്‍ക്കെങ്കിലും എതിര്‍പ്പുകളുണ്ടോ എന്നറിയാനാണ് ഈ നടപടി. അപേക്ഷകരില്‍ ആര്‍ക്കെങ്കിലും പ്രായപൂര്‍ത്തിയായിട്ടില്ല, നിരോധിതബന്ധത്തിന്റെ പരിധിയില്‍ വരുന്നവരാണ്, നിലവില്‍ വിവാഹിതരാണ് തുടങ്ങിയ കാരണങ്ങളില്‍ മാത്രമേ എതിര്‍പ്പുകള്‍ ഉന്നയിക്കുവാന്‍ അവകാശമുള്ളൂ.
വിവാഹത്തിനുള്ള അപേക്ഷ നല്‍കി 30 ദിവസങ്ങള്‍ക്കു ശേഷം 90 ദിവസങ്ങള്‍ക്കുള്ളില്‍ ഏതൊരു ദിവസവും കക്ഷികളുടെ ഇഷ്ടപ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

വിവാഹസര്‍ട്ടിഫിക്കറ്റ് ബുക്കില്‍ ഇരുകക്ഷികളും മൂന്നു സാക്ഷികളും ഒപ്പിടേണ്ടതാണ്. കൂടാതെ വിവാഹഉദ്യോഗസ്ഥയുടെ/ന്റെയും മൂന്നു സാക്ഷികളുടെയും സാന്നിദ്ധ്യത്തില്‍ ഇരുകക്ഷികളും പരസ്പരം ജീവിതപങ്കാളിയായി സ്വീകരിക്കുന്നു എന്ന ഒരു പ്രതിജ്ഞയും പറയേണ്ടതുണ്ട്.

വിവാഹഅപേക്ഷ കൊടുത്ത് മൂന്നു മാസം കഴിഞ്ഞുപോയാല്‍ വീണ്ടും അപേക്ഷ നല്‍കി ഒരു മാസം കൂടി കാത്തിരിക്കേണ്ടവരും.

വിവാഹരജിസ്ട്രേഷന്‍ ഇരുകക്ഷികള്‍ക്കും രജിസ്റ്റര്‍ ഓഫീസില്‍ അല്ലാതെ മറ്റുള്ള സ്ഥലങ്ങളില്‍ വച്ചും നടത്താവുന്നതാണ്. ഇതിനായി നിശ്ചിതഫീസ് (15രൂപ) നല്‍കി അപേക്ഷിച്ചാല്‍ രജിസ്ട്രാര്‍ ഓഫീസ് പരിധിയിലുള്ള വീട്ടിലോ ഓഡിറ്റോറിയത്തിലോ വന്ന് വിവാഹഓഫീസര്‍ വിവാഹം രജിസ്റ്റര്‍ ചെയ്തു തരും.

വിവാഹം രജിസ്റ്റര്‍ ചെയ്യാനായി അപേക്ഷനല്‍കിയാല്‍ വിവാഹനോട്ടീസ് രജിസ്റ്റര്‍ ഓഫീസില്‍ എല്ലാവരും കാണുന്നയിടത്ത് പതിക്കുന്നതാണ്. ഇതില്‍ ഫോട്ടോ ചേര്‍ക്കണമെന്നോ സാക്ഷികള്‍ ഒപ്പിടണമെന്നോ നിയമത്തില്‍ പറഞ്ഞിട്ടില്ല. അതിനാല്‍ത്തന്നെ ഇപ്രകാരം നിര്‍ബന്ധിക്കാന്‍ രജിസ്റ്റര്‍ ചെയ്യാന്‍ സഹായിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധിക്കാന്‍ കഴിയില്ല. രജിസ്ട്രേഷന്‍ ഇന്‍സ്പെക്ടര്‍ ജനറലിന്റെ 10-06-2008 ലെ RR3-11551/2008 നമ്പര്‍ സര്‍ക്കുലറില്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്.

വിദേശത്തേക്കു പോകുന്നവര്‍ക്ക് മത-ജാതി സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന വിവാഹസര്‍ട്ടിഫിക്കറ്റ് അംഗീകൃതരേഖയല്ല. അത്തരം ആവശ്യമുള്ളവര്‍ക്ക് ഈ നിയമപ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.