ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 42 : പാക്കിസ്ഥാൻ vs അയർലണ്ട്

ലോകകപ്പിൽ വീണ്ടുമൊരു പാക്ക് മുന്നേറ്റം. അഡലെയ്ഡിൽ തങ്ങളുടെ അവസാന മാച്ചിൽ അവർ അയർലണ്ടിനെ 7 വിക്കറ്റിനു പരാജയപ്പെടുത്തി ക്വാർട്ടറിൽ കടന്നു. ആദ്യ രണ്ട് മാച്ചും തോറ്റ് ക്വാർട്ടർ പ്രതീക്ഷ പോലും നശിച്ച അവരുടെ തുടർച്ചയായ നാലാം ജയമാണിത്.

സ്കോർ അയർലണ്ട് 50 ഓവറിൽ 237 ഓൾ ഔട്ട്‌. പാക്കിസ്ഥാൻ 46.1 ഓവറിൽ 3 / 241. അയർലണ്ടിന് വേണ്ടി നായകൻ വില്ല്യം പോർട്ടർഫീൽഡ് നേടിയ സെഞ്ച്വറി (107) പാഴായപ്പോൾ പാക്കുകൾക്കു വേണ്ടി വിക്കറ്റ് കീപ്പർ സർഫ്രാസ് അഹമ്മദ് നേടിയ കന്നി സെഞ്ച്വറി(101*) അവരെ വിജയത്തിലേക്ക് നയിച്ചു.

ടോസ് നേടിയ അയർലണ്ട് ബാറ്റിങ്ങ് തെരഞ്ഞെടുത്തു. പോർട്ടർഫീൽഡ് നേടിയ സെഞ്ച്വറി മാറ്റി നിർത്തിയാൽ അവരുടെ മറ്റ് സ്കോറർമാർ ഇങ്ങനെയാണ് : സ്റ്റിർലിങ്ങ് 3, ജോയ്സ്‌ 11, നിയാൽ ഒബ്രിയൻ 12, ബാൽബിർണീ 18, വിൽസൻ 29, കെവിൻ ഒബ്രിയൻ 8, തോംപ്സണ്‍ 12, മൂണി 13, ഡോക്ക്റെൽ 11, കുസാക്ക് 1 നോട്ട് ഔട്ട്‌. പോർട്ടർഫീൽഡ് കഴിഞ്ഞാൽ മറ്റാർക്കും തന്നെ ഒരർദ്ധ സെഞ്ച്വറി പോലും നേടാനായില്ല. നല്ലൊരു കൂട്ടുകെട്ടും ഉണ്ടായില്ല. പോർട്ടർഫീൽഡ് നേടിയ സെഞ്ച്വറി ലോകകപ്പിൽ കളിക്കുന്ന ഒരു അസോസിയേറ്റ് രാജ്യത്തിന്റെ ക്യാപ്റ്റൻ നേടുന്ന ആദ്യ സെഞ്ച്വറിയാണ്.

കണിശമായി പന്തെറിഞ്ഞ പാക്ക് ബൌളർമാർ ഡെത്ത് ഓവറുകളിൽ യാതൊരു സ്വാതന്ത്ര്യവും നല്കിയില്ല. അവസാന 10 ഓവറിൽ പാക്ക് ബൌളർമാർ നല്കിയത് വെറും 49 റണ്‍സ്. ബാറ്റിങ്ങ് പവർ പ്ളേയിൽ നല്കിയത് 32 റണ്‍സ് മാത്രം. വഹാബ് മൂന്നും സൊഹൈൽ ഖാനും രഹത് അലിയും 2 വീതവും എഹ്സാൻ ആദിലും ഹാരിസ് സൊഹൈലും ഒന്ന് വീതവും വിക്കറ്റുകൾ വീഴ്ത്തി. ഡോക്ക്റെൽ റണ്ണൌട്ട്.

മറുപടിക്കൊട്ടിനിറങ്ങിയ പാക്കുകൾ ഒന്നാം വിക്കറ്റിൽ 22.4 ഓവറിൽ 120 റണ്‍സ് നേടിയപ്പോഴേ അയർലണ്ട് കളി വിട്ടു. ഷെഹസാദ് 63 നു പുറത്തായി. പിന്നെ വന്ന ഹാരിസ് സൊഹൈൽ 3 റണ്ണിനു പുറത്ത്. പിന്നെ വന്ന മിസ്‌ബയും(39) സർഫ്രാസുമൊത്ത് 82 റണ്‍സിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് പാക്കിസ്ഥാനെ വിജയപഥത്തിലെത്തിച്ചു. 208 ൽ മിസ്ബയും പുറത്തായി.

പിന്നീടു വന്ന ഉമർ അക്മലിൽ(20*) നല്ലൊരു പങ്കാളിയെ സർഫ്രാസ് കണ്ടെത്തി. അഭേദ്യമായ നാലാം വിക്കറ്റിൽ അവർ 33 റണ്‍സ് നേടി പാക്കിസ്ഥാനെ വിജയത്തിലെത്തിച്ചു.

തന്റെ കന്നി സെഞ്ച്വറി ലക്ഷ്യമാക്കി നീങ്ങിയ സർഫ്രാസ് 90 കളിൽ അല്പം തപ്പിത്തടഞ്ഞെങ്കിലും ഉമറിന്റെ സഹായത്തോടെ അത് പൂർത്തിയാക്കി. ആദ്യമായാണ് ഒരു പാക്ക് വിക്കറ്റ് കീപ്പർ ലോകകപ്പിൽ സെഞ്ച്വറി നേടുന്നത്. കൂടാതെ ഈ ലോകകപ്പിൽ സെഞ്ച്വറി നേടുന്ന ആദ്യ പാക്ക് താരമായി സർഫ്രാസ്. 2007 ൽ ഇമ്രാൻ നസീറിന്റെ സെഞ്ച്വറിയ്ക്ക് ശേഷം ഇതുവരെ സർഫ്രാസല്ലാതെ മറ്റൊരു പാക്ക് ബാറ്റ്സ്മാനും ലോകകപ്പിൽ സെഞ്ച്വറി നേടിയിട്ടില്ല എന്നതും ശ്രദ്ധേയമായ ഒരു വസ്തുതയാണ്.

47-ആം ഓവറിലെ ആദ്യപന്തിൽ സ്റ്റിർലിങ്ങിനെ ബൌണ്ടറിയടിച്ച് ഉമർ പാക്കിസ്ഥാന്റെ വിജയറണ്ണും ക്വാർട്ടറിലേയ്ക്കുള്ള ടിക്കറ്റും നേടി.

അയർലണ്ടിനു വേണ്ടി തോംപ്സണും കുസാക്കും ഓരോ വിക്കറ്റ് വീഴ്ത്തി. ഹാരിസ് സൊഹൈൽ റണ്ണൌട്ട്. മുനയൊടിഞ്ഞ ഐറിഷ് ബൌളിങ്ങിന് പാക്ക് ബാറ്റിങ്ങ് നിരയെ പരീക്ഷിക്കാനായില്ല. അങ്ങനെ ഈ ലോകകപ്പിലെ ഐറിഷ് വസന്തവും അവസാനിച്ചു.

MOM : സർഫ്രാസ് അഹമ്മദ്

വാൽക്കഷണം : ക്വാർട്ടറിൽ പാക്കിസ്ഥാൻ ജയിയ്ക്കാൻ ഇന്ത്യ വഴിപാട് നേർന്നിരിക്കുന്നു. ഇതെന്തു à´•à´¥? പറയാം. ഇന്ത്യ ക്വാർട്ടറിൽ വംഗദേശക്കാരെ തകർക്കും; സെമിയിൽ കേറും. സെമിയിലെ എതിരാളികൾ പാക്കുകളും ഓസീസും തമ്മിലുള്ള ക്വാർട്ടർ പോരാട്ടത്തിലെ ജേതാക്കളാണ്. അത് ഓസീസാണെങ്കിൽ ഇന്ത്യയുടെ ഫൈനലിലേക്കുള്ള ചാൻസ് പൂജ്യം. മറിച്ച് എതിരാളികൾ പാക്കുകൾ ആണെങ്കിൽ ഇന്ത്യ സെമിയിൽ അവരെ പൊട്ടിച്ച് ഫൈനലിൽ കേറും. ദൈവാനുഗ്രഹമുണ്ടെങ്കിൽ ഫൈനലും ജയിച്ച് കപ്പും വാങ്ങും. ഇങ്ങനെ പോകുന്നു ഇന്ത്യൻ സ്വപ്നങ്ങൾ. അപ്പോൾ പണ്ട് നമ്മുടെ ഭാഗമായിരുന്ന പാക്കിസ്ഥാന് വേണ്ടി ഒരു വഴിപാട് നേർന്നാൽ എന്താ തെറ്റ്?…