ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 40 : ഓസ്ട്രേലിയ vs സ്കോട്ട്ലണ്ട്

ലോകകപ്പിൽ കംഗാരു മഞ്ഞപ്പടയ്ക്ക് വീണ്ടും ജയം. ഹൊബാർട്ടിലെ ബെല്ലറീവ് ഓവലിൽ നടന്ന മാച്ചിൽ അവർ സ്കോട്ടന്മാരെ 7 വിക്കറ്റിനു തകർത്തു. ഇതോടെ പൂൾ A യിൽ പോയിന്റ്‌ നിലയിൽ ഓസീസ് രണ്ടാമതെത്തി. സ്കോട്ട്ലണ്ട് എല്ലാ മാച്ചും തോറ്റു പുറത്തായി.

ടോസ് കിട്ടിയ ഓസീസ് ബൌളിംഗ് തെരഞ്ഞെടുത്തു. അത് ശരി വെയ്ക്കുന്നതായിരുന്നു അവരുടെ പ്രകടനവും. ദുർബലരായ സ്കോട്ടന്മാർ ശക്തമായ ഓസീസ് പേസ് പടയ്ക്ക് മുന്നിൽ തകർന്നടിഞ്ഞു. സ്കോർ 50 കടക്കും മുന്നേ കൊയെറ്റ്സറും(0) മക്ലീയോഡും(22) മോംസെന്നും (0) പുറത്ത്. കോൾമെൻ(0) 50 ലും ബെറിങ്ങ്റ്റൻ(1) 51 ലും വീണു. 40 റണ്‍സടിച്ച മാക്കൻ വീഴുമ്പോൾ സ്കോർ 6 / 78. ഒരു റണ്‍ കൂടി വന്നപ്പോൾ ദേ പോയി ക്രോസ് (9). ഡേവിയും ടെയ്ലറും ചേർന്നു സ്കോർ 95 വരെയെത്തിച്ചു. 95 ൽ ടെയ്ലർ(0) പുറത്ത്.

പിന്നെ ഡേവിയും ലീസ്കും ചേർന്ന് 35 റണ്‍സിന്റെ ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ട്. ഡേവി (26) സ്കോർ 130 ൽ വെച്ച് പുറത്തായി. പിന്നെ വന്ന വാർഡ്‌ലോ പൂജ്യനായതോടെ സ്കോട്ടന്മാർ 130 ന് ഓൾ ഔട്ട്‌. ലീസ്ക് 23 നോട്ട് ഔട്ട്‌. സ്കോട്ടന്മാരിൽ 5 പേരാണ് പൂജ്യരായത്.

ഓസീസിന് വേണ്ടി 4 വിക്കറ്റ് വീഴ്ത്തിയ സ്റ്റാർക്കും 3 വിക്കറ്റ് വീഴ്ത്തിയ കമ്മിൻസുമാണ് സ്കോട്ടന്മാരെ തകർത്തത് . ജോണ്‍ സണും വാട്സനും മാക്സ് വെല്ലും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ഓ ഇതൊക്കെ എന്നാ സ്കോറാ എന്ന ഭാവത്തിലാണ് മഞ്ഞപ്പട കൊട്ടിത്തുടങ്ങിയത്. ക്ളാർക്കും ഫിഞ്ചും ചേർന്ന് ഒന്നാം വിക്കറ്റിൽ 30 റണ്‍സ്. അതോടെ ഫിഞ്ച് (20) ഔട്ട്‌. പിന്നീട് കൂട്ടെത്തിയ വാട്സണ്‍ (24) മടങ്ങുമ്പോൾ ഓസീസ് 13 ഓവറിൽ 2 / 88. സ്കോർ 92 ൽ ക്ളാർക്കും(47) വീണു. പിന്നീട് അഭേദ്യമായ നാലാം വിക്കറ്റിൽ വാർണറും(21*) ഫോക്നറും(16*) ചേർന്ന് 15.2 ഓവറിൽ ഓസീസിനെ വിജയിപ്പിച്ചു. 208 പന്തുകൾ അപ്പോൾ എറിയാൻ ബാക്കി.

സ്കോട്ടന്മാർക്ക് വേണ്ടി ഡേവിയും ടെയ്ലറും വാർഡ്‌ലോയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

MOM : മിച്ചൽ സ്റ്റാർക്ക്

വാൽക്കഷണം : സ്കോട്ടന്മാർ ഈ ഉലകകപ്പിലെ എല്ലാ മാച്ചും എട്ടു നിലയിൽ പൊട്ടി. പങ്കെടുത്ത ഉലകകപ്പുകളിൽ ഒന്നിലും ഒരു മാച്ച് പോലും പാവങ്ങൾ ജയിച്ചില്ല. നാളെ യു.എ.ഇ യുടേയും ഗതി ഇതാകുമെന്നാണ് തോന്നുന്നത്.

പിന്നെ സ്കോട്ടന്മാർ എല്ലാ കളിയിലും തോറ്റതും പോരാ അവസാന കളിയിൽ മുട്ടക്കൂടോത്രത്തിന്റെ ‘ഒരഞ്ച് കളി’യും. അഞ്ച് സ്കോട്ടന്മാരെയാണ് കൂടോത്രം പിടികൂടിയത്. നേരത്തെ കീവീസുമായുള്ള കളിയിലും ഇങ്ങനെ ‘ഒരഞ്ച് കളി’ ഉണ്ടായിരുന്നു. ലോകകപ്പിൽ ആദ്യമായാണത്രെ ഒരു ടീം രണ്ടു തവണ ഇങ്ങനെ ‘അഞ്ച് കളി’യിൽ വീഴുന്നത്. ഇന്നത്തെ കളി തീരുമ്പോൾ à´ˆ ലോകകപ്പിൽ 12 സ്കോട്ടന്മാരെയാണത്രേ കൂടോത്രം പിടികൂടിയത്. അതും ഒരു ലോകകപ്പ് റെക്കോർഡാണത്രെ.