ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 33 : ഇംഗ്ളണ്ട് vs ബംഗ്ളാദേശ്‌

ലോകകപ്പിൽ വീണ്ടും അട്ടിമറി… അട്ടിമറി നടത്തിയത് വംഗ ദേശ ഭൂപതികൾ; അവർക്കു മുന്നിൽ തോൽവി ഏറ്റുവാങ്ങി വങ്കന്മാരായി ഇന്ത ഉലകകപ്പിൽ നിന്നും നാണം കെട്ടു പുറത്തായി ക്രിക്കറ്റിന്റെ ഈറ്റില്ലമായ ഇംഗ്ളണ്ട്.

അതെ, അഡലെയ്ഡ് ഓവലിൽ നടന്ന, ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറിഞ്ഞു കൊണ്ടിരുന്ന ഈ മാച്ചിൽ ഇംഗ്ളണ്ടിനെ 15 റണ്‍സിനു തോൽപ്പിച്ച് ബംഗ്ളാദേശ് ക്വാർട്ടറിൽ കടന്നു. ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ്‌ അവർ ക്വാർട്ടറിൽ കടക്കുന്നത്.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ളാദേശ്‌ 50 ഓവറിൽ 7 ന് 275 – അവരുടെ ലോകകപ്പിലെ ഏറ്റവും ഉയർന്ന സ്കോർ. അവർക്ക് വേണ്ടി മഹമൂദുള്ള സെഞ്ച്വറി(103) നേടി. ലോകകപ്പിൽ ഒരു ബംഗ്ളാദേശ്‌ കളിക്കാരന്റെ ആദ്യ സെഞ്ച്വറി… കൂടാതെ മുഷ്ഫിക്കുർ റെഹിമിന്റെ വെടിക്കെട്ട് (89 റണ്‍സ് – 77 പന്തിൽ). സൗമ്യ സർക്കാർ 40. തമീമും കയേസും ഷാക്കിബ്ബും 2 റണ്‍സ് വീതം നേടി. റെഹ്മാൻ 14, മൊർത്താസ 6*, സണ്ണി 3*. ഒരു ഘട്ടത്തിൽ 4/ 99 എന്ന നിലയിൽ പതറിയ വംഗന്മാരെ രക്ഷിച്ചത് അഞ്ചാം വിക്കറ്റിൽ മഹമൂദുള്ളയും മുഷ്ഫിക്കുറും ചേർന്നെടുത്ത 141 റണ്‍സാണ്. അവസാന ഓവറുകളിലെ കൂട്ടപ്പൊരിച്ചിലുകൾ ബംഗ്ളാദേശിനെ 275 എന്ന മാന്യ സ്കോറിൽ എത്തിച്ചു.

ഇംഗ്ളണ്ടിനു വേണ്ടി ആൻഡേഴ്സണും ജോർദാനും 2 വിക്കറ്റ് വീഴ്ത്തി. ബ്രോഡും അലിയും ഓരോന്നും. മഹമൂദുള്ള റണ്ണൌട്ട്.

വംഗന്മാർ അടിച്ച ഈ സ്കോർ അത്ര ഭീഷണമായിരുന്നില്ല. ബംഗ്ലാദേശ് ബൌളർമാർ ഓസീസിന്റെ പോലെ അത്ര അപകടകാരികളും ആയിരുന്നില്ല. എന്നിട്ടും ഇംഗ്ളണ്ട് തോറ്റു തൊപ്പിയിട്ടു. റണ്‍ റേറ്റ് അഞ്ചിനടുത്ത് വെച്ചു തന്നെയാണ് ഇംഗ്ളണ്ട് കളി നീക്കിയത്. പക്ഷെ പലപ്പോഴും കാണിച്ച അമിതാവേശവും അമിതവിശ്വാസവും അവര്ക്ക് തന്നെ വിനയായി.

ഇംഗ്ളണ്ട് സ്കോറർമാർ ഇവരായിരുന്നു: അലി 19, ബെൽ 63, ഹെയ്ൽസ് 27, ബട്ലർ 65 (52 പന്തിൽ), വോക്സ് 42* . മോർഗൻ, ജോർദാൻ, ആൻഡേഴ്സണ്‍ എന്നിവർ പൂജ്യരായി. ടെയ്ലർ നേടിയത് 1 റണ്‍. കണിശമായി പന്തെറിഞ്ഞ വംഗന്മാർ ആകെ നൽകിയത് വെറും 5 എക്സ്സ്ട്രാസ് മാത്രം.

35.4 ഓവറിൽ 6 / 163 എന്നാ നിലയിൽ നിന്നും ഇംഗ്ളണ്ടിനു വിജയസാദ്ധ്യത നൽകിയത് ഏഴാം വിക്കറ്റിൽ 75 റണ്‍സടിച്ച ബട്ലറും വോക്സും ചേർന്നാണ് . പക്ഷേ ജയത്തിനടുത്തെത്തിയിട്ടും ഇംഗ്ളണ്ട് ബാറ്റ്സ്മാന്മാർ കളിച്ച ഉത്തരവാദിത്തമില്ലാത്ത ബാറ്റിങ്ങാണ്
അവസാന ഓവറുകളിൽ ബംഗ്ളാദേശിനെ സഹായിച്ചത്.

ഒടുവിൽ 49-ആം ഓവറിലെ ഒന്നാം പന്തിൽ ബ്രോഡും മൂന്നാം പന്തിൽ ആൻഡേഴ്സണും പുറത്തായതോടെ ഇംഗ്ളണ്ടിന്റെ ലോകകപ്പ് പ്രതീക്ഷകൾ അസ്തമിച്ചു. ബംഗ്ളാദേശ്‌ ക്വാർട്ടറിലേയ്ക്ക് ടിക്കറ്റ് നേടുകയും ചെയ്തു.

നേരത്തെ ബംഗ്ലാദേശിന് വേണ്ടി തകർപ്പൻ അടി നടത്തിയ മുഷ്ഫിക്കുർ 4 ഇംഗ്ളണ്ട് ബാറ്റ്സ്മാന്മാരെ വിക്കറ്റിനു പിന്നിൽ പിടിച്ച് പുറത്താക്കുകയും ചെയ്തു.

ബംഗ്ലാദേശിന് വേണ്ടി റുബെൽ ഹുസൈൻ 4 വിക്കറ്റ് വീഴ്ത്തി. മൊർത്താസയും ടാസ്കിനും 2 വീതം. ജോർദാനും അലിയും റണ്ണൌട്ട്.

MOM : മഹമൂദുള്ള

വാൽക്കഷണം : നേരത്തെ കീവീസുമായുള്ള മാച്ചിന്റെ തലേന്ന് ഇംഗ്ലണ്ട് ക്യാപ്ടൻ മോർഗൻ ക്രിക്കറ്റ് ജ്യോത്സ്യർ ശ്രീ കണ്ഠരര് വ്യാസരരെ ചെന്നു കണ്ടപ്പോൾ അങ്ങോർ പറഞ്ഞല്ലോ ഇങ്കിരീസുകാരുടെ തലമേൽ കണ്ടകൻ വിളയാടുകയാണെന്ന്. അതിപ്പം പൂർത്തിയായി; ഇംഗ്ലണ്ട് ഉലകകപ്പിൽ നിന്നും തെറിച്ചു… ഇനി അടുത്ത തവണ കാണാം. 2019 ൽ. അതുവരേയ്ക്കും ഇംഗ്ലണ്ടിനു ബൈ ബൈ…