ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 16 : അയർലന്റ് vs യു .à´Ž.à´‡

അറബ് വസന്തം ഐറിഷ് വസന്തത്തിനു മുന്നിൽ അവസാന നിമിഷം കീഴടങ്ങി. ബ്രിസ്ബേനിലെ തിരക്കൊഴിഞ്ഞ വൂളണ്‍ ഗാബ സ്റ്റേഡിയത്തിൽ നടന്ന മാച്ചിൽ അയർലന്റ് രണ്ടു വിക്കറ്റിന് യു .എ.ഇയെ കീഴടക്കി.

സ്കോർ യു .എ.ഇ 50 ഓവറിൽ 9 / 278. അയർലന്റ് 49.2 ഓവറിൽ 8 / 279.

Shaiman Anwar
Shaiman Anwar
Amjad Ali
Amjad Ali

ആദ്യം ബാറ്റ് ചെയ്ത യു .എ.ഇയുടെ പ്രധാന സ്കോറർമാർ അംജദ് അലി 45, ഖുറം ഖാൻ 36, ഷൈമാൻ അൻവർ 106, അംജദ് ജാവേദ് 42, ബെരെന്ഗേർ 13, നവീദ് 13 തുടങ്ങിയവരായിരുന്നു. നമ്മുടെ പാലക്കാടൻ കൊല്ലങ്കോടൻ കൃഷ്ണചന്ദ്രൻ ചന്ദ്രബിംബം പോലുള്ള ഒരു മുട്ടയും വാങ്ങി സ്ഥലം വിട്ടു.

ഷൈമാൻ അൻവർ നേടിയ സെഞ്ച്വറി ഉലകകപ്പിൽ യു.എ.ഇക്കാരന്റെ വക ആദ്യത്തേത്.

Amjad Javed
Amjad Javed

34.2 ഓവറിൽ യു.à´Ž.à´‡ 6 / 131. പിന്നെ കണ്ടത് ഒരുഗ്രൻ കൂട്ടുകെട്ട്. ഷൈമാൻ അൻവർ – അംജദ് ജാവേദ് വക. ഏഴാം വിക്കറ്റിൽ 107 റണ്‍സ്. ലോകകപ്പ് റെക്കോർഡ് … അങ്ങനെ യു.à´Ž.ഇക്കാർ ലോകകപ്പ് റെക്കോർഡ് കിത്താബിൽ ഇടം പിടിച്ചു.

അവസാന 15.4 ഓവറിൽ അറബിപ്പട അടിച്ചത് 147 റണ്‍സ്. അങ്ങനെ അറേബ്യൻ സ്കോർ 50 ഓവറിൽ 9 / 278.

അയർലന്റിനു വേണ്ടി സൊരെൻസെൻ, കുസാക്ക് , സ്റ്റിർലിങ്ങ് , കെവിൻ ഓബ്രിയൻ എന്നിവർ 2 വീതവും ഡോക്ക്റെൽ ഒന്നും വിക്കറ്റുകൾ വീഴ്ത്തി.

William Porterfield
William Porterfield

പക്ഷെ, അയർലന്റ് ബാറ്റിങ്ങ് തുടങ്ങിയപ്പോൾ കാര്യങ്ങൾ അത്ര എളുപ്പമായില്ല. യു.എ.ഇ എറുവീരന്മാർ അത്ര അപകടകാരികളല്ലെങ്കിലും അയർലന്റ് സ്കോർ ഇഴഞ്ഞു നീങ്ങി. `പോർട്ടർഫീൽഡ് 37, സ്റ്റിർലിങ്ങ് 3, ജോയ്സ് 37, നിയാൽ ഓബ്രിയൻ 17, ബാൽബിർനി 30 എന്നിവർ കൂടാരം കയറുമ്പോൾ അയർലന്റ് 38.4 ഓവറിൽ 5 / 171. ജയിയ്ക്കാൻ വേണ്ടത് 11.2 ഓവറിൽ 108 റണ്‍സ് .

Kevin O'Brien
Kevin O’Brien

ദേ വരുന്നു അയർലന്റിന്റെ രക്ഷകൻ…കെവിൻ ഓബ്രിയൻ…2011 ഉലകകപ്പിൽ ഇംഗ്ളണ്ടിനെ ഒരു മിന്നൽ സെഞ്ച്വറിയിലൂടെ തകർത്തു കളഞ്ഞ അയർലന്റിന്റെ മിശിഹ… പിന്നെ ഗാബയിൽ ഒരു തൃശ്ശൂർ പൂര വെടിക്കെട്ടായിരുന്നു നടന്നത്. കെവിൻ 24 പന്തിൽ 50 റണ്‍സടിച്ചു. 8 ഫോർ, 2 സിക്സ് . ഒപ്പമുണ്ടായിരുന്ന ഗാരി വിൽസണ്‍ 69 പന്തിൽ 80 റണ്‍സ്.

Gary Wilson
Gary Wilson

ഇരുവരും പുറത്തായതിനു തൊട്ടു പിന്നെ തന്നെ മൂണിയും (2) പുറത്ത്. ഇപ്പോൾ ടെൻഷൻ അയർലന്റിനായി. പക്ഷേ അവസാന നിമിഷം ശൌര്യം കാണിച്ച കുസാക്കും ഡോക്ക്റെല്ലും ഒടുവിൽ 49.2 ഓവറിൽ കളി റാഞ്ചി അയർലന്റിലേയ്ക്ക് കൊണ്ടുപോയി…

അവസാന 10.4 ഓവറിൽ 108 റണ്‍സ് അടിച്ചാണ് അയർലന്റ് വിജയിച്ചത്. അറബികൾ ഹൃദയം തകർന്ന് മരുഭൂവിൽ വീണു…

അറബികൾക്കു വേണ്ടി അംജദ് ജാവേദ് മൂന്നും നവീദും തോഖിറും 2 വീതവും ഗുരുഗെ ഒന്നും വിക്കറ്റ് വീഴ്ത്തി. പാലക്കാടന് ഒരു വിക്കറ്റും കിട്ടിയില്ല; പക്ഷെ നല്ല ‘ തല്ല് ‘ കിട്ടി.

അതിനിടയിൽ അയർലന്റിന്റെ എഡ് ജോയ്സ്‌ 16 ൽ നിൽക്കുമ്പോൾ അംജദ് ജാവേദിന്റെ പന്ത് അങ്ങോരുടെ കുറ്റിയിൽ വന്നു കൊണ്ടു. സ്റ്റമ്പിൻ തലമേൽ ഇരുന്ന ബെയിൽസ് ഒന്ന് ചുവന്നു മിന്നി പൊങ്ങിച്ചാടി വീണ്ടും സ്റ്റമ്പിൻ തലമേൽ തന്നെ വന്നിരുന്നു. അവർ താഴോട്ടു വീഴില്ല എന്ന് നിർബന്ധം പിടിച്ചതിനാൽ ജോയ്സ് രക്ഷപ്പെട്ടു.

വാല്ക്കഷണം: കഴിഞ്ഞ കളിയിൽ വിൻഡീസിനെതിരെ നേടിയ ജയം ഐരീശന്മാർക്ക് അല്പം തലക്കനം കൊടുത്തോ എന്നൊരു സംശയം. അതാണോ ഇന്ന് അല്പം ഉഴപ്പിയത്? എന്തോ കെവിൻ ഓബ്രിയൻ വന്നത് കൊണ്ട് രക്ഷയായി. ഇങ്ങനെ ഒഴപ്പല്ലേ…

ങാ, പിന്നെ മുട്ടക്കൂടോത്രം ഇന്നടിച്ചത് നമ്മുടെ പാലക്കാട് കൊല്ലങ്കോട്ടാ… കൃഷ്ണചന്ദ്രൻ… പാലക്കാട്ടെ പാൽ കുടിയ്ക്കുമ്പോൾ കൂടെ കഴിയ്ക്കാൻ ഒരു മുട്ട ഫ്രീ…