ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 12 : ശ്രീലങ്ക vs അഫ്ഗാനിസ്ഥാൻ

ഇലങ്കൻ ശിങ്കങ്ങളും അഫ്ഗാനികളും തമ്മിൽ ഇന്ന് ഡുനെഡിനിൽ വെച്ച് ഒന്ന് കോർത്തു. ആദ്യം ബാറ്റ് ചെയ്ത ശകുനന്മാർ 49.4 ഓവറിൽ 232 ന് പുറത്ത് . കളി എളുപ്പം ജയിക്കാമെന്നു കരുതിയ രാവണപ്രഭുക്കൾക്ക്‌ തെറ്റി. ശകുനി മാമന്റെ അനന്തിരവന്മാർ മന്ത്ര തന്ത്ര കുതന്ത്രങ്ങൾ മെനഞ്ഞപ്പോൾ ഞെട്ടിയത് ഇലങ്കന്മാർ തന്നെ. ഒടുക്കം ഉരുണ്ട് പിരണ്ട് 10 പന്തുകൾ മാത്രം ബാക്കി വെച്ച് 6 വിക്കറ്റും ബലി കൊടുത്ത് ഇലങ്കന്മാർ ‘കഴിച്ചിലായി’…

ശകുനന്മാർക്കു വേണ്ടി അഹമ്മദി 24, മംഗൽ 10, സ്റ്റാനിക്സൈ 54, ഷെന്വാരി 38, നബി 21, നജിബുള്ള സദ്രാൻ 10, സസായി 19, അഷറഫ് 28 തുടങ്ങിയവർ തരക്കേടില്ലാതെ കളിച്ചു. ഹമീദ് ഹസാൻ പൊന്മുട്ടയിട്ടു.

ഇലങ്കന്മാർക്കു വേണ്ടി മലിങ്കനും മത്തായിക്കുട്ടിയും 3 പേരെ വീതം കെട്ട് കെട്ടിച്ചു. ലക്മലിനു രണ്ടെണ്ണം. പെരേരയ്ക്കും ഹെരത്തിനും ഒന്ന് വീതം.

ഇനി ഇലങ്കന്മാരുടെ കാര്യം. ബാറ്റിങ്ങ് തുടങ്ങിയതും തിരിഞ്ഞടിയ്ക്കുന്ന മന്നൻ തിരിമന്നെയും തിലകരത്നമായ ദിൽഷനും തങ്കമുട്ട വാങ്ങി ദേ വന്നു. സംഗമുള്ള കാരൻ 7. കരുണാരത്നെ 23. എന്തോ, ജയം വർദ്ധിപ്പിക്കുന്ന മഹേല നൂറടിച്ചത് നന്നായി. മത്തായി 44. ഒടുവിൽ മെണ്ടിസും (9) തിസര പെരേരയും (26 പന്തിൽ 47 റണ്‍സ്) വേണ്ടി വന്നു കളി ജയിയ്ക്കാൻ…

ശകുനന്മാർ അസ്സലായി ബൌൾ ചെയ്തു. നന്നായി ഫീൽഡ് ചെയ്തു. ഇലങ്ക നന്നായി വിറച്ചു എന്നതാണ് സത്യം. സദ്രാന്മാർ രണ്ടു പേരും ഓരോ വിക്കറ്റ് വീഴ്ത്തി. ഹസൻ മൂന്നും. മത്തായി റണ്ണൌട്ട് ആയി. ഷപൂർ സദ്രന്റെ ഏറിൽ മഹേലയുടെ കൊട്ടുവടി ദാ രണ്ട് കഷണം.
പുതിയ കൊട്ടുവടി വേണ്ടി വന്നു മൂപ്പർക്ക് നൂറടിയ്ക്കാൻ…

MOM : മഹേല ജയവർധനെ.

വാല്ക്കഷണം: മുട്ടക്കൂടോത്രം ശക്തി പ്രാപിക്കുന്നു. പന്തടിവീരന്മാർ ജാഗ്രതൈ…